മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. ഇന്ന് പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലക്കലിൽ നിന്ന് പുലർച്ചെ മൂന്ന മുതൽ തീർത്ഥാടകരെ പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങി.ആദ്യ ദിവസം എത്തിയവരിൽ അധികം പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയ തീർത്ഥാടകരാണ്. കാലവസ്ഥ പ്രതികൂലമായതിനാൽ പമ്പാ സ്നാനത്തിന് അനുമതിയില്ല.
ഇതിനിടെ ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വിളിച്ച ഉന്നതതലയോഗം രാവിലെചേരും. മന്ത്രി സന്നിധാനത്തെത്തിയിട്ടുണ്ട്.
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്നലെ വൈകീട്ട് 4. 51ഓടെയാണ് തുറന്നത്. ക്ഷേത്രം തന്ത്രി കണ്ഡര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്രം മേൽശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിയിച്ചു. ആറ് മണിയോടെ ശബരിമല മാളികപ്പുറം മേൽശാന്തിമാർ ചുമതലയേറ്റും.
പ്രതിദിനം മുപ്പതിനായിരം പേർക്കാണ് ദർശനത്തിന് അനുമതി നൽകുക. കാലവസ്ഥ പ്രതികൂലമായതിനാൽ ആദ്യ മുന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. സ്വാമി അയ്യപ്പൻ റോഡ് വഴിയാണ് ഭക്തർക്ക് പ്രവേശനം. കാനന പാത അനുവദിക്കില്ല. ദർശനത്തിന് എത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കിൽ രണ്ട് ഡോസ് വാക്സിനേഷൻ സർട്ടിഫിക്കേറ്റ് നിർബന്ധമാണ്.