നായനാർ സ്മാരക ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ

ധർമശാല മാങ്ങാട്ടുപറമ്പ് ഇ കെ നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി സംസ്ഥാനത്തെ മികച്ച ആശുപത്രിയാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ. ആശുപത്രി കോൺഫറൻസ് ഹാളിൽ അവലോകന യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

ആശുപത്രിയിൽ എല്ലാ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കും. ഇതിനായി 25 വർഷത്തെ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. മികച്ച പശ്ചാത്തല സൗകര്യങ്ങളും അനുബന്ധ ചികിത്സാ സൗകര്യങ്ങളും ഉൾപ്പെടുത്തിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ പൊതുമരാമത്ത് വിഭാഗത്തിന് മന്ത്രി നിർദേശം നൽകി.

സർക്കാർ അനുവദിച്ച 7.62 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. അഞ്ചുകോടി രൂപ ചെലവിൽ കാഷ്വാലിറ്റി, 2.5 കോടി രൂപ ചെലവിൽ അനുബന്ധ പ്രവൃത്തികൾ എന്നിവ നടപ്പാക്കാൻ ആരോഗ്യ വിഭാഗം, ആശുപത്രി വികസന സൊസൈറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരോട് മന്ത്രി നിർദേശിച്ചു. ആശുപത്രിക്ക് സമീപം ഇരുനിലകളിലായി ജീവനക്കാർക്ക് ക്വാർട്ടേഴ്സ് നിർമിക്കും. ഇതിനായി 1.25 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ എൻജിനീയറിങ് വിഭാഗത്തിന് നിർദേശം നൽകി. വർധിച്ചുവരുന്ന വൈദ്യുതി ചാർജ് കുറക്കാൻ ആശുപത്രി കെട്ടിടങ്ങൾക്ക് മുകളിൽ സോളാർ പാനൽ നിർമിക്കും.

കുടിവെള്ള വിതരണം, മലിനജല പ്ലാന്റ്, മിന്നൽരക്ഷാ ചാലകം തുടങ്ങിയ അനുബന്ധ പ്രവൃത്തികൾ വേഗത്തിലാക്കും. ആശുപത്രിയുടെ 10 ഏക്കർ പ്രദേശം മുഴുവൻ ആശുപത്രി വികസനത്തിനായി ഉപയോഗപ്പെടുത്തും. പുതിയ കെട്ടിടത്തിന് 10 നിലവരെയുള്ള ഫൗണ്ടേഷൻ ഒരുക്കാനും മന്ത്രി നിർദേശം നൽകി.

ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി ചെയർമാന്മാരായ കെ വി പ്രേമരാജൻ, പി കെ മുഹമ്മദ്കുഞ്ഞി, വികസന സമിതി ചെയർമാൻ കലക്ടർ എസ് ചന്ദ്രശേഖർ, ഡെപ്യൂട്ടി ഡിഎംഒ എൻ കെ ഷാജ്, എൻഎച്ച്എം ഡിപിഎം പി കെ അനിൽകുമാർ, പൊതുമരാമത്ത് കെട്ടിടവിഭാഗം അസി. എൻജിനിയർ കെ ജിഷാകുമാരി, കെ സന്തോഷ് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് സി കെ ജീവൻലാൽ സ്വാഗതം പറഞ്ഞു.

spot_img

Related Articles

Latest news