കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലെ പാർക്കിങ്ങിന് ഏർപ്പെടുത്തിയ അശാസ്ത്രീയ പരിഷ്കാരം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) ത്തിന്റെ ആഭിമുഖ്യത്തിൽ നവമ്പർ 19 വെള്ളിയാഴ്ച എയർപോർട്ട് മാർച്ച് നടത്തും.
എയർ പോർട്ടിൽ പാർക്കിംഗിന് ഏർപ്പെടുത്തിയ അശാസ്ത്രീയ തീരുമാനം പിൻവലിക്കുക, കരിപ്പൂരിനെ ഹജ്ജ് എംബാർക്കേഷൻ പോയന്റാക്കുക, ആർ.ടി.പി.സി.ആർ ടെസ്റ്റിന്റെ പേരിൽ വിദേശയാത്രക്കാരെ കൊള്ളയടിക്കുന്ന രീതിയിലുള്ള അമിത നിരക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഇന്ന് ഉച്ചക്ക് 2 മണിക്ക് ഹജ്ജ് ഹൗസ് പരിസരത്ത് നിന്നും തുടങ്ങുന്ന മാർച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉൽഘാടനം ചെയ്യും. മത രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പ്രസംഗിക്കും.
എയർപോർട്ട് ടെർമിനലിന് മുന്നിൽ വാഹനങ്ങൾ നിർത്തി ആളെ ഇറക്കുന്നതിനും കയറ്റുന്നതിനും മൂന്ന് മിനുട്ടാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. മൂന്ന് മിനുട്ടിൽ കൂടുതലായാൽ അഞ്ഞൂറ് രൂപ ഫൈൻ ചുമത്തപ്പെടുകയും ചെയ്യും.ഈ അശാസ്ത്രീയമായ നടപടി എയർപ്പോർട്ടിൽ എത്തുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പാർക്കിഗിന് കരാർ എടുത്ത കമ്പനിയുടെ ഗുണ്ടകൾ യാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് അംഗികരിക്കാനാവില്ല. എയർപോർട്ട് ഡയരക്ടറെ കണ്ട് നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം ഡി. എഫ് ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു.
വിമാനത്താവളത്തെ സ്വകാര്യവൽകരിക്കുന്നതിൻ്റെ ഭാഗമായി കുത്തകകൾക്ക് വേണ്ടി കരിനിയമങ്ങൾ കൊണ്ട് വരാൻ നടത്തുന്നതിൻ്റെ ഭാഗമാണന്നും ഇത് അംഗികരിക്കാനാവില്ലെന്നും നിയമം പിൻവലിച്ചില്ലങ്കിൽ തുടർ സമരം ഉണ്ടാകുമെന്നും എം. ഡി. എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി മുന്നറിയിപ്പ് നൽകി.