മിസ്സ് കേരളയുടെ അപകടമരണം : ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ജാമ്യം

മിസ്സ് കേരളയുടെ അപകടമരണക്കേസിൽ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ജാമ്യം ലഭിച്ചു. നമ്പർ 18 ഹോട്ടലുടമ റോയി വയലാറ്റിനും അഞ്ച് ജീവനക്കാര്‍ക്കുമാണ് ജാമ്യം ലഭിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഹോട്ടലിലെ ഹാര്‍ഡ് ഡിസ്‌ക് റോയി വയലാറ്റിന്‍ മനപൂര്‍വം ഒളിച്ചുവച്ചതാണെന്നടക്കമുള്ള വാദങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉന്നയിച്ചത്. ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

ഹാര്‍ഡ് ഡിസ്‌കും മോഡലുകളുടെ മരണവുമായി എങ്ങനെയാണ് ബന്ധപ്പെടുത്തുന്നതെന്ന് പ്രതിഭാഗം ചോദിച്ചു. ഇതിനുള്ള ഉത്തരം പ്രോസിക്യൂഷന്‍ വ്യക്തമായി നല്‍കാത്തതും ജാമ്യം ലഭിക്കുന്നതില്‍ അനുകൂലമായി. ഇന്നലെയാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.

പൊലീസ് ചോദ്യംചെയ്യലിനിടെ ഭയപ്പെടുത്തിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍ കോടതിയില്‍ പറഞ്ഞു. പൊലീസ് കേസ് തിരക്കഥയാണെന്നും കാര്‍ ഓടിച്ച ഒന്നാം പ്രതി അബ്ദുള്‍ റഹ്മാനെ സഹായിക്കാനാണ് പൊലീസ് കേസെടുത്തിരിക്കുന്നതെന്നും പ്രതിഭാഗം ആരോപിച്ചു.

നമ്പര്‍ 18 ഹോട്ടലില്‍ നിന്ന് അറസ്റ്റിലായ ജീവനക്കാരെ ഇന്നാണ് കോടതിയില്‍ ഹാജരാക്കിയത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലയിലുള്ള ഹോട്ടലുടമ റോയിയെ കോടതിയില്‍ എത്തിച്ചില്ല. കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി മോഡലുകളെ പിന്തുടര്‍ന്ന കാര്‍ ഡ്രൈവര്‍ ഷൈജു കോടതിയില്‍ പറഞ്ഞു.

ഷൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച വിശദീകരണം നല്‍കാനാണ് നിര്‍ദേശം. മോഡലുകളുടെ കാറിനെ പിന്തുടരാന്‍ ഡ്രൈവര്‍ ഷൈജുവിനെ അയച്ചത് താനാണെന്ന് ഹോട്ടലുടമ റോയ് വയലാറ്റില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.

അതേസമയം മോഡലുകളുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈം ബ്രാഞ്ചിനു കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി.ജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക

spot_img

Related Articles

Latest news