കുരുമുളക് വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ കിലോഗ്രാമിന് 33 രൂപയാണ് കൂടിയത്. അൺഗാർബിൾഡ് കുരുമുളകിന് കിലോഗ്രാമിന് 494 രൂപയാണ് ചൊവ്വാഴ്ചത്തെ വില. ഗാർബിൾഡിന് 514 രൂപയായും വില ഉയർന്നു.
അതേസമയം, വിപണിയിലേക്ക് ചരക്ക് വരുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഡിമാൻഡ് ക്രമാതീതമായി ഉയർന്നതാണ് വില ഉയരാൻ കാരണമായത്. മുമ്പൊരിക്കലും കാണാത്ത വിധം കുരുമുളകിന്റെ ആഭ്യന്തര ഉപഭോഗം കൂടുകയാണ്.
വടക്കെ ഇന്ത്യൻ ഡിമാൻഡ് പൂജാ നാളുകളിലാണ് വർധിച്ചു തുടങ്ങിയത്. ദീപാവലി ആയതോടെ വീണ്ടും ഉയർന്നു. എന്നാൽ ദീപാവലിക്കു ശേഷവും ഡിമാൻഡ് കുറയുന്നില്ല. ജനങ്ങളുടെ ഭക്ഷണ രീതികളിലുണ്ടായ മാറ്റവും കുരുമുളക് വിപണിയെ സ്വാധീനിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ന്യൂജെൻ ഇഷ്ട ഭക്ഷ്യവിഭവങ്ങളിൽ കുരുമുളക് പ്രധാന ഘടകമാണ്. കോവിഡ് കാലം കഴിഞ്ഞ് ഭക്ഷണശാലകളും വൻകിട ഹോട്ടലുകളുമൊക്കെ തുറന്നതും ആവശ്യക്കാരുടെ എണ്ണം കൂട്ടി. ഭക്ഷ്യവ്യവസായ മേഖലയിൽ കുരുമുളകിന്റെ ആവശ്യം വർധിച്ചിരിക്കുകയാണ്. മസാലക്കമ്പനികളാണെങ്കിൽ വലിയ തോതിൽ കുരുമുളക് ശേഖരിക്കുന്നു. അടഞ്ഞുകിടന്ന മസാലക്കമ്പനികളെല്ലാം പ്രവർത്തിച്ചു തുടങ്ങിയതും ഡിമാൻഡ് കൂടാനിടയാക്കി.
അതേസമയം നല്ല വില കിട്ടിത്തുടങ്ങിയതോടെ, ചരക്ക് കൈ യിലുള്ള കർഷകർ അത് വിൽക്കാതെ സൂക്ഷിക്കുന്നുമുണ്ട്. വില ഇനിയും ഉയരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഈ കരുതൽ. ഇതും ഡിമാൻഡ് ഉയരാൻ കാരണമാകുകയാണ്.ഗാർബിൾഡ് കുരുമുളകിന് വില 500 രൂപ കടന്നിരിക്കുകയാണ്. ചൊവ്വാഴ്ച മാത്രം കിലോഗ്രാമിന് ഒമ്പത് രൂപ കൂടി. രാജ്യത്തെ ആഭ്യന്തര കുരുമുളക് ഉപഭോഗം 65,000 ടണ്ണാണെന്ന് വിലയിരുത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ അത് വലിയ രീതിയിൽ കൂടുന്നുണ്ടെന്നാണ് കച്ചവട സമൂഹത്തിൽ കണ്ടെത്തൽ.
അതേസമയം, വില കൂടിയതിനാൽ വിദേശ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതി കൂടുമെന്ന് പ്രമുഖ കുരുമുളക് വ്യാപാരിയും ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്‌സ്-പ്ലാന്റേഴ്‌സ് കൺസോർഷ്യം കോ-ഓർഡിനേറ്ററുമായ കിഷോർ ശ്യാംജി ചൂണ്ടിക്കാട്ടുന്നു.
Mediawings: