കോടിക്കണക്കിന് രൂപയുടെ സാധനങ്ങളുമായി കടന്ന ആമസോൺ ഡ്രൈവറും കൂട്ടാളികളും പിടിയിൽ

1.64 കോടി രൂപയുടെ സാധനങ്ങളും കൊണ്ട് കടന്ന ട്രക്ക് ഡ്രൈവറും മൂന്ന് കൂട്ടാളികളും പിടിയിൽ. പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണിനു ലോജിസ്റ്റിക്സ് പിന്തുണ നൽകുന്ന ഒരു സ്ഥാപനത്തിലെ ട്രക്ക് ഡ്രൈവറായ ബദറുൽ ഹഖ് അഥവാ വാസി അജയ് ആണ് കർണാടക കോളാർ പൊലീസിൻ്റെ പിടിയിലായത്.

അസം സ്വദേശിയായ ഇയാൾക്കൊപ്പം അഭിനന്ദ്, അബ്ദുൽ ഹുസൈൻ, പ്രദീപ് എന്നിവരും പിടിയിലായി. അഭിനന്ദും അബ്ദുൽ ഹുസൈനും അസം സ്വദേശികളും പ്രദീപ് ബെംഗളൂരു സ്വദേശിയുമാണ്. ജോലി അന്വേഷിച്ചാണ് അസം സ്വദേശികൾ കർണാടകയിലെത്തിയത്.

സാധനങ്ങൾ പങ്കുവെക്കാനായിരുന്നു അവരുടെ പദ്ധതി. എന്നാൽ, അതിനു മുൻപ് പിടിക്കപ്പെട്ടു. തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സാധനങ്ങളൊക്കെ കണ്ടെടുത്തു എന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഒക്ടോബർ 30നാണ് ട്രക്കും സാധനങ്ങളുമായി ഇവർ കടന്നത്. തുടർന്ന് ലോജിസ്റ്റിക്സ് മാനേജർ സുധാകറിൽ നിന്ന് പരാതി ലഭിച്ച പൊലീസ് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ, കോസ്മെറ്റിക്സ്, ലാപ്ടോപ്പ് തുടങ്ങി 4027 സാധനങ്ങളാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

ഒക്ടോബർ 30 പുലർച്ചെ 3.15ന് ബുഡിഗെരെയിലെ ആമസോൺ കേന്ദ്രത്തിൽ നിന്ന് പുറപ്പെട്ട ട്രക്കിൻ്റെ ലക്ഷ്യസ്ഥാനം അനുഗൊണ്ടനഹള്ളിയിലെ ആമസോൺ കേന്ദ്രമായിരുന്നു. 15 കിലോമീറ്റർ ദൂരം മാത്രമാണ് ഈ സ്ഥലങ്ങൾ തമ്മിൽ ഉണ്ടായിരുന്നത്.

അഞ്ച് മണിയോടെ വാഹനം തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്ന് ലോജിസ്റ്റിക്സ് കേന്ദ്രത്തിലെ ജോലിക്കാർ മനസ്സിലാക്കി. തട്ടിക്കൊണ്ടുപോയവർ വാഹനത്തിലെ ജിപിഎസ് ഓഫ് ചെയ്തതിനു പിന്നാലെ ഇവർ വാഹനത്തിനായി തെരച്ചിൽ നടത്തുകയും 145 കിലോമീറ്റർ അകലെ നഗലപുരയിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ പരിശോധനയിൽ സാധനങ്ങൾ കാണാനില്ലെന്ന് മനസ്സിലാക്കിയ അവർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

spot_img

Related Articles

Latest news