സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കി തുടങ്ങി. മൂന്ന്, ആറ്, ഒമ്പത്, ഒരു വർഷം എന്നിങ്ങിനെ ഇനി ഇഖാമ പുതുക്കാനാകും. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ സാങ്കേതിക മാർഗം ഒരുക്കിയതോടെയാണ് പുതിയ സംവിധാനമായത്.
ഒരു വർഷത്തേക്കാണ് സൗദിയിൽ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്. ഇതാണിപ്പോൾ മാസങ്ങളിലേക്ക് പുതുക്കാൻ സൗകര്യമായത്. മൂന്ന്, ആറ്, ഒമ്പത്, പന്ത്രണ്ട് മാസങ്ങളിലേക്ക് പുതുക്കാനുള്ള സൗകര്യം ഇന്ന് മുതല്‍ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വന്നു. നേരത്തെ ഇതിന്റെ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും ഇന്നു മുതലാണ് ഇതിനുള്ള സാങ്കേതിക സംവിധാനമൊരുങ്ങിയത്.
ഇഖാമ പുതുക്കുന്നതിന് ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്സ് നമ്പര്‍ ആദ്യമെടുക്കണം. 12 മാസത്തേക്കായിരുന്നു ഇത് ലഭിച്ചിരുന്നത്. ഇപ്പോൾ എത്ര മാസത്തേക്ക് എന്നത് തെരഞ്ഞെടുത്ത് പണമടക്കണം. പിന്നീട് ജവാസാത്തില്‍ പണമടച്ചാൽ ഇഖാമ പുതുക്കാം. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം.പുതിയ സംവിധാനം കമ്പനികള്‍ക്ക് ഗുണം ചെയ്യും.