മുക്കം- ചെറുവാടി റൂട്ടില്‍ ഓടുന്ന ബ്ലസിങ് ബസിലെ ജീവനക്കാരും ഓട്ടോ തൊഴിലാളികളും തമ്മിൽ കൊടിയത്തൂരിലെ കോട്ടമ്മലിൽ വെച്ച് സംഘര്‍ഷം.
ബസ്സ്റ്റോപ്പില്‍നിന്ന് യാത്രക്കാരെ ഓട്ടോയില്‍ കയറ്റിയതാണ് പ്രശ്നങ്ങൾക്ക് കാരണം. ചെറുവാടിയില്നിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ബസില്‍ കയറേണ്ട യാത്രക്കാരെ ചുള്ളിക്കാപറമ്പില്‍ വെച്ച് കൊടിയത്തൂരിലെ ഓട്ടോയില്‍ കയറ്റിയത് ബസ് ജീവനക്കാര്‍ ചോദ്യം ചെയ്യുകയും ഓട്ടോയുടെ താക്കോല്‍ ഊരി വാങ്ങുകയും ചെയ്യുകയുമായിരുന്നു.
എന്നാല്‍, തൻ്റെ മാതാവിനെ കയറ്റാനാണ് ചുള്ളിക്കാപറമ്പില്‍ എത്തിയതെന്നും വഴിയില്‍ തടഞ്ഞു നിര്‍ത്തി താക്കോല്‍ ഊരിവാങ്ങുകയാണുണ്ടായതെന്നും ഓട്ടോ തൊഴിലാളി സുധീര്‍ പറഞ്ഞു.ഇതേ തുടർന്ന് കൊടിയത്തൂര്‍ അങ്ങാടിയില്‍ ഓട്ടോ തൊഴിലാളികളടങ്ങുന്ന നാട്ടുകാര്‍ വാഹനം തടഞ്ഞങ്കിലും ബസ് മുന്നോട്ടെടുക്കാന്‍ ശ്രമിച്ചു. ഇതോടെ സുധീറിൻ്റെ ഓട്ടോയിലിടിക്കുകയും നിരവധി ബൈക്കുകള്‍ ഇടിച്ചിടുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു . ഇതോടെ നാട്ടുകാരും ഓട്ടോ തൊഴിലാളികളും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമായി. ബസ്സിന്റ മുന്‍ വശത്തെചില്ല് തകര്‍ന്നു. മുക്കം പൊലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി . സംഭവത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ സുധീര്‍ കുയ്യില്‍, മാതാവ് ഉമ്മത്തി, സഹോദരന് ഫിറോസ് എന്നിവരെ മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.