വാട്‌സാപ്പ് പേമെന്റ് സേവനത്തില്‍ ഉപഭോക്താക്കളെ വര്‍ധിപ്പിക്കാന്‍ അനുമതി

ന്യൂഡൽഹി:- മെസേജിങ് ആപ്ലിക്കേഷനായ വാട്‌സാപ്പില്‍ പേമെന്റ് സേവനത്തില്‍ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നാഷണല്‍ പെമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എന്‍.പി.സി.ഐ.) നിന്ന് അനുമതി ലഭിച്ചു. ഉപഭോക്താക്കളുടെ എണ്ണം നാല് കോടിയായി ഉയര്‍ത്താം.

തങ്ങളുടെ പേമെന്റ് സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള പരിധി ഒഴിവാക്കിത്തരണമെന്ന് അധികൃതരോട് വാട്‌സാപ്പ് അപേക്ഷിച്ചിരുന്നു. നിലവില്‍ വാട്‌സാപ്പ് പേമെന്റില്‍ രണ്ട് കോടി ഉപഭോക്താക്കളെ പാടുള്ളൂ എന്ന നിബന്ധനയുണ്ട്. ഈ സാഹചര്യത്തില്‍ പേമെന്റ് സേവനത്തില്‍ വമ്പിച്ച രീതിയില്‍ പ്രചാരം നല്‍കാനും ഉപഭോക്താക്കളെ ആകര്‍ഷിക്കാനും വാട്‌സാപ്പ് പരിമിതി നേരിട്ടിരുന്നു.

വാട്‌സാപ്പിന്റെ അപേക്ഷ പരിഗണിച്ച് ഉപഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്താന്‍ എന്‍.പി.സി.ഐ. അനുമതി നല്‍കുകയായിരുന്നു. എങ്കിലും പരിധി ഒഴിവാക്കിത്തരണം എന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചില്ല.

നാല് കോടി ഉപഭോക്താക്കള്‍ എന്ന നിബന്ധനയും വാട്‌സാപ്പിനെ സംബന്ധിച്ചിടത്തോളം വലിയ വിലങ്ങുതടിയാണ്. ഇന്ത്യയില്‍ 50 കോടിയിലേറെ വരിക്കാരുണ്ട് വാട്‌സാപ്പിന്. ഈ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗത്തെ ലക്ഷ്യമിട്ടാണ് പേമെന്റ് സേവനം അവതരിപ്പിച്ചത് എങ്കിലും എന്‍.പി.സി.ഐയുടെ നിബന്ധന കാരണം പേമെന്റ് സേവനത്തിന് പ്രചാരം നേടിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്.

ഇന്ത്യയില്‍ ലഭ്യമായ പേമെന്റ് സേവനങ്ങളില്‍ ഗൂഗിള്‍ പേയ്ക്ക് ഏഴ് കോടി ഉപഭോക്താക്കളാണുള്ളത്. ഫോണ്‍ പേയ്ക്ക് 28 കോടി ഉപഭോക്താക്കളുണ്ട്. വാട്‌സാപ്പിന് അനുവദിച്ചിരിക്കുന്ന പുതിയ പരിധി എന്ന് മുതലാണ് നിലവില്‍ വരികയെന്ന് വ്യക്തമല്ല. ഇതിനകം തന്നെ രണ്ട് കോടിക്കടുത്ത് ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ വാട്‌സാപ്പിന് സാധിച്ചിട്ടുണ്ടെന്നാണ് വാട്‌സാപ്പ് നല്‍കുന്ന വിവരം.

കഴിഞ്ഞ വര്‍ഷമാണ് എന്‍.പി.സി.ഐ. വാട്‌സാപ്പിന് പേമെന്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയത്. ഇന്ത്യയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതുമായ ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ നീണ്ട നടപടി ക്രമങ്ങള്‍ക്കൊടുവിലാണ് അനുമതി ലഭിച്ചത്.

Mediawings:

spot_img

Related Articles

Latest news