കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതർ ഇനിയും അവഗണന തുടർന്നു കാണിച്ചാൽ വിമാനത്താവളത്തിനെ ആശ്രയിക്കുന്ന മലബാറിലെ ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ബഹുജന പ്രക്ഷോപത്തിന് നേതൃത്വം നൽകുമെന്ന് മലബാറിലെ എംപിമാർ മുന്നറിയിപ്പ് നൽകി.
കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്നും കരിപ്പൂരിൽ ഹജ് എംബാർകേഷൻ പോയിന്റ് അനുവദിക്കണമെന്നും ൨൦൨൨ മുതൽ യാത്രക്കാരിൽ നിന്നും അമിത യൂസർ ഫീ ഈടാക്കാനുള്ള നീക്കത്തിനെതിരെയും കാർഗോ കോംപ്ലക്സ് നിർമ്മിക്കാനും, വിദേശ യാത്രക്കാരിൽ നിന്നും ഈടാക്കുന്ന അമിതമായ റാപിഡ് പിസിആർ നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്
മലബാർ ഡവലപ്മെന്റ് ഫോറത്തിന്റെ സെൻട്രൽ കമ്മിറ്റിയുടെയും ഡൽഹി ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ പാർലമെന്റിലേക്ക് നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു എംപിമാർ.
മാർച്ച് കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ അബ്ദുസമദ് സമദാനി എംപി ഉത്ഘാടനം ചെയ്തു. ജനകീയമായി പണിതുയർത്തിയ കരിപ്പൂർ വിമാനത്താവളം നിരന്തരമായ അവഗണയാണ് നേരിടുന്നത്. ഈ അവഗണക്കെതിരെ സന്ധിയില്ലാ സമരം ജനപ്രതിനിധികളെ അണിനിരത്തി ശക്തമാക്കുമെന്ന് അബ്ദുസമദ് സമദാനി എംപി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ജനങ്ങളെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അകറ്റുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചു വരുന്നതെന്നും ഇനിയും ഇത് തുടരാൻ അനുവദിക്കുകയില്ലെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വിമാനത്താവളത്തെ തകർക്കുവാൻ വാൻ ഗൂഢാലോചനകളാണ് നടക്കുന്നതെന്നും ഇത് കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ബഹുജന പ്രക്ഷോപത്തിലൂടെ ഈ ഗൂഢാലോചനകളെ തകർക്കുമെന്നും എംകെ രാഘവൻ എം.പി പറഞ്ഞു
മലബാറിലുള്ള പ്രവാസികളും ഹജ് തീർഥാടകരുമടക്കം ആശ്രയിക്കുന്ന കരിപ്പൂർ വിമാനത്താവളം വലിയ വിമാനങ്ങളടക്കമുള്ള സർവീസ് നടത്താൻ അടിയന്തിര നടപടി വേണമെന്നും മലബാറിന്റെ സാമ്പത്തിക വളർച്ചയാണ് വിമാനത്താവളത്തെ തകർക്കാൻ ശ്രമിക്കുന്നവരുടെ ഗൂഢലക്ഷ്യമെന്നും സംശയിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
സാദാരണക്കാരായ പ്രവാസികളുടെ വിയർപ്പിന്റെ കണികകൊണ്ട് പടുത്തുയർത്തിയ കരിപ്പൂർ വിമാനത്താവളത്തിനെ ഇല്ലാതാക്കാനുള്ള ശ്രമം കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസികളോട് കാണിക്കുന്ന നന്ദികേടാണെന്ന് കെ മുരളീധരൻ പറഞ്ഞു.
ജോൺ ബ്രിട്ടാസ് എം.പി, ശ്രേയാംസ് കുമാർ എം.പി, ഡോ.ശിവദാസ് എം.പി, വി.കെ ശ്രീകണ്ഠൻ എം.പി എന്നിവർ അഭിവാദ്യം ചെയ്തു.
കഴിഞ്ഞ വർഷം കരിപ്പൂരിൽ നടന്ന വിമാനാപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള അനുമതി നിർത്തലാക്കിയത്. വിമാനത്താവളത്തിന് യാതൊരു സുരക്ഷാഭീഷണിയും ഇല്ലെന്നു അന്വേഷണ കമ്മീഷൻ റിപ്പോർട് പ്രസിദ്ധീകരിച്ചിട്ടു മാസങ്ങൾ പിന്നിട്ടിട്ടും വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ അനിശ്ചിതകാല നിരാഹാരമടക്കമുള്ള സമരങ്ങൾക്ക് എംഡിഎഫ് മുൻകൈ എടുക്കുമെന്ന് ജന: സെക്രട്ടറി അബ്ദുറഹ്മാൻ ഇടക്കുനി പറഞ്ഞു.
എംഡി എഫ് ഡൽഹി ചാപ്റ്റർ മുഖ്യരക്ഷാധികാരി എൻ.അശോകൻ, കർഷക സമരസമിതി നേതാവ് പി.ടി.ജോൺ, കരിപ്പൂർ വിമാനത്താവള ഉപദേശക സമിതി അംഗം എ.കെ.എ. നസീർ, എംഡിഎഫ് വൈസ് പ്രസിഡണ്ട് അഷ്റഫ് കാലത്തിങ്കൽപ്പാറ, ട്രഷറർ സന്തോഷ് കുമാർ വി.പി, സെക്രട്ടറിമാരായ പ്രിത്യൂരാജ് നാറാത്ത്, എൻ.സി ജബ്ബാർ നരിക്കുനി, എംഡിഎഫ് ദൽഹി ചാപ്റ്റർ ഭാരവാഹികളായ പി.കെ ഹരീന്ദ്രൻ ആചാരി, സഫർ അഹമ്മദ്, ഷംസുദീൻ കാഞ്ഞങ്ങാട്, ഡോ. ഡനോളി മാനുവൽ, സുനിൽ സിംഗ്, ചാന്ദന അർജുൻ, അഡ്വ: നവനീത് പവിത്രൻ എന്നിവർ സംസാരിച്ചു.
കേരള ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച മാർച്ച് ജന്ദർ മന്ദിറിൽ വച്ച് പോലീസ് തടഞ്ഞു. മാർച്ചിന് എംഡിഎഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാൻ ഇടക്കുനി, സന്തോഷ് കുമാർ വി.പി, അഷ്റഫ് കളത്തിങ്ങൽപ്പാറ, പ്രിത്യൂരാജ് നാറാത്ത്, എൻ.സി ജബ്ബാർ നരിക്കുനി, അജ്മൽ മുഫീദ് വരപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.
എംഡിഎഫ് ദൽഹി ചാപ്റ്റർ ജന. സെക്രട്ടറി അജ്മൽ മുഫീദ് സ്വാഗതവും ട്രഷറർ പീലിയാട്ട് രവീന്ദ്രൻ നന്ദിയും പറഞ്ഞു.