തിരുവനന്തപുരം : ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം.
വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആശാവഹമായി ഒന്നുമുണ്ടായില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ 21 മുതല്‍ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ഉടമകള്‍ പറഞ്ഞു.
കഴിഞ്ഞ മാസം എട്ട് മുതല്‍ ബസ് ഉടമകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രി ഇടപെട്ടതോടെ ഉടമകള്‍ ഇത് പിന്‍വലിക്കുകയായിരുന്നു.
ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കുമ്പോള്‍ കണ്സെഷന് നിരക്കില്‍ മാറ്റം വരുത്തരുതെന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്.
ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് നൽകിയിട്ടുള്ളത്. ബസ് മിനിമം നിരക്ക് എട്ട് രൂപയിൽ നിന്ന് 10 രൂപ ആക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന.
അതേസമയം ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം നാലിന് തൈക്കാട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ച നടത്തുക.
Mediawings: