സംസ്ഥാനത്ത് 30 ജില്ല, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കാന്‍ 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതി സാക്ഷാല്‍ക്കരിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.
ടെറിഷ്യറി കെയര്‍ ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച അറുനൂറോളം കേന്ദ്രത്തിലും 12 മെഡിക്കല്‍ കോളേജിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറല്‍ ആശുപത്രികളിലും ഇ ഹെല്‍ത്ത് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചു. ഈ സര്‍ക്കാരിന്റെ കാലാവധി തീരും മുമ്പ് 1284 ആശുപത്രിയിലും ഇ ഹെല്‍ത്ത് നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
ഇ ഹെല്‍ത്ത് നടപ്പാക്കുന്നതോടെ ആശുപത്രികളില്‍ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകും. ആലപ്പുഴ – മാവേലിക്കര, ചെങ്ങന്നൂര്‍, എറണാകുളം – ആലുവ, ഇടുക്കി , തൊടുപുഴ , കൊല്ലം, കണ്ണൂര്‍, കാസര്‍കോട് – കാഞ്ഞങ്ങാട്, മലപ്പുറം – തിരൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂർ, പാലക്കാട്, പത്തനംതിട്ട – കോഴഞ്ചേരി, തൃശൂര്‍ – വടക്കാഞ്ചേരി, വയനാട് –-മാനന്തവാടി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ, എറണാകുളം – മൂവാറ്റുപുഴ, കോഴിക്കോട് , കണ്ണൂര്‍ – തലശ്ശേരി, കാസര്‍കോട്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മലപ്പുറം – മഞ്ചേരി , പത്തനംതിട്ട, അടൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, വയനാട് – കല്‍പ്പറ്റ എന്നീ ജനറല്‍ ആശുപത്രികളിലുമാണ് ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കുക.
Mediawings: