തലയ്ക്ക് വെട്ടേറ്റ യുവതിയുടെ വീട്ടുകാർക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്

പയ്യോളി: യുവതിയുടെ തലയ്ക്ക് വെട്ടറ്റസംഭവത്തിൽ വീട്ടുകാർക്ക് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കൊളാവിപ്പാലം കൊളാവിയിൽ ലിഷ, ഇവരുടെ അമ്മ ബേബി കമലം എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടത്. കോഴിക്കോട് റൂറൽ എസ്.പി., പയ്യോളി പോലീസ് സ്റ്റേഷൻഹൗസ് ഓഫീസർ എന്നിവരെയും സംഭവത്തിലെ എഴ് പ്രതികളെയും എതിർകക്ഷികളാക്കി നൽകിയ ഹർജിയിലാണ് ഉത്തരവ്.

നവംബർ 28-ന് പുലർച്ചെ മൂന്നരമണിക്കാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്വന്തം സ്ഥലത്തുകൂടെ റോഡ് വെട്ടുന്നത് തടഞ്ഞ ലിഷയുടെ തലയിൽ മൺവെട്ടികൊണ്ട് വെട്ടുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി മെഡിക്കൽ കോളേജിലായിരുന്നു. ലിഷയുടെ പരാതിപ്രകാരം പോലീസ് എഴുപേർക്കെതിരായും കണ്ടാലാറിയാവുന്ന മറ്റ് 30 പേർക്കെതിരേയും വധശ്രമത്തിന് കേസെടുത്തെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തില്ല.

മുമ്പ് യുവതിയുടെ സ്കൂട്ടർ പുഴയിലിട്ട സംഭവമുൾപ്പടെയുള്ള വിവിധകേസുകളിൽ പോലീസ് തക്കതായ നടപടികൾ സ്വീകരിച്ചില്ലെന്നും സ്ത്രീകൾ മാത്രമുള്ള വീടാണെന്നും കാണിച്ച് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

മുമ്പ് പയ്യോളി കോടതിയിൽ നൽകിയ ഹർജിയിൽ സ്ഥലത്ത് മറ്റാരും പ്രവേശിക്കരുതെന്ന് ഉത്തരവിട്ടിരുന്നു. ഷിജു കൊളാവി, ഷൈബി ചെറിയാവി, സലീഷ് ചെറിയാവി, രജി ചെറിയാവി, ലിജിൻ വിശ്വ, ബൈജു കൊളാവിയിൽ, ഷിജി പനയുള്ളതിൽ എന്നിവർക്കതിരെയാണ് കേസ്. റോഡ് വെട്ടുന്നതിനെ ചൊല്ലി മൂന്നുവർഷമായി നാട്ടുകാരുമായി നിലനിൽക്കുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

spot_img

Related Articles

Latest news