കോവിഡ് മരണം: മഹാരാഷ്ട്രയ്ക്ക് പിന്നിൽ രണ്ടാമതായി കേരളം

തിരുവനന്തപുരം : രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം. സർക്കാർ കണക്ക്പ്രകാരം 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്നോ മരിച്ചത്.

കോവിഡ് കണക്കുകളിൽ ഉൾപ്പടാതിരുന്ന മരണങ്ങൾ അപ്പീൽ വഴി സ്ഥിരീകരിച്ചതോടെയാണ് മരണനിരക്ക് ഉയർന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കിൽ ഉൾക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള ആരോപണം ശരിയെന്ന് തെളിഞ്ഞതായി പ്രതിപക്ഷം അവകാശപ്പട്ടു.

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെയും അതിനെ തുടർന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക് ( സി.എഫ്.ആർ) ഇതോടെ 0.81 ശതമാനമായി ഉയർന്നു. ആറുമാസം മുമ്പ് 0.41 ശതമാനമായിരുന്നു കേരളത്തിന്റെ സിഎഫ്ആർ.

കേരളത്തിൽ 51 ലക്ഷം ആളുകൾക്കാണ് കോവിഡ് ബാധിച്ചത്. അതിൽ ഇതുവരെ സ്ഥിരീകരിച്ച കണക്കുകൾ പ്രകാരം 42579 പേർ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള സംസ്ഥാനമായി കേരളം.

1.41 ലക്ഷം ആളുകളാണ് മഹാരാഷ്ട്രയിൽ മരിച്ചത്. 2.13 ശതമാനമാണ് സി.എഫ്.ആർ. കേരളത്തെ അപേക്ഷിച്ച് വലിയ സംസ്ഥാനമാണെന്ന ന്യായം ഇവിടെ പറയാം. എന്നാൽ കേരളത്തേക്കാൾ വലിയ മറ്റ് സംസ്ഥാനങ്ങളിലെല്ലാം നമ്മളെ അപേക്ഷിച്ച് സി.എഫ്.ആർ കുറവാണെന്നത് ആരോഗ്യ വകുപ്പിന് തിരിച്ചടിയാകും.

സർക്കാർ കണക്കുകളിൽ ഉൾപ്പെടാതിരുന്ന 12826 മരണങ്ങളാണ് ഇപ്പോൾ കൂട്ടിച്ചേർത്തിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവർ, ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയവർ, കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഉൾപ്പെടുത്തിയവർ എന്നിവരെയും ചേർത്ത് പട്ടിക വിപുലപ്പെടുത്തിയതോടെയാണ് ഇത്രയും മരണം കേരളത്തിൽ ഉണ്ടായത്. വ്യാപകമായി മരണം ഒഴിവാക്കുകയോ പൂഴ്ത്തിവെക്കുകയോ ചെയ്തുവെന്ന് പ്രതിപക്ഷം തുടക്കം മുതൽ ഉന്നയിച്ച ഇടുക്കി ഉൾപ്പെടെയുള്ള ജില്ലകളിലും മരണനിരക്ക് ഉയർന്നു.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ അത്തരം കോവിഡ് മരണങ്ങൾ ഒഴിവാക്കിയെന്ന് പ്രതിപക്ഷം കണക്കുകൾ സഹിതം ഉന്നയിച്ചിരുന്നു. 13,000 മരണങ്ങൾ ഇത്തരത്തിൽ ഒഴിവാക്കിയെന്നാണ് പ്രതിപക്ഷം നിയമസഭയിൽ അടക്കം ഉന്നയിച്ചത്. എന്നാൽ സർക്കാർ അതൊക്കെയും നിഷേധിച്ചിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം പ്രതിപക്ഷ ആരോപണം ശരിയെന്ന് വിശ്വസിക്കേണ്ടിവരും.

spot_img

Related Articles

Latest news