സർക്കാർ അയയുന്നു; പിജി ഡോക്ടർമാരുമായി ഇന്ന് ചർച്ച

സമരം തുടരുന്ന പിജി ഡോക്ടർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് ചർച്ച നടത്തും. രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു

എന്നാൽ കൂടിക്കാഴ്ചയ്ക്ക് ചർച്ചയുടെ ഭാഷ്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പിജി ഡോക്ടർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും.

അതേസമയം 4 ശതമാനം സ്റ്റൈപെൻഡ് വർധനയടക്കം മുന്നോട്ട് വച്ച മുഴുവൻ ആവശ്യങ്ങളിലും രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രം സമരം അവസാനിപ്പിക്കാം എന്ന നിലപാടിലാണ് പിജി ഡോക്ടർമാർ. അത്യാഹിത വിഭാഗം അടക്കം മുടക്കികൊണ്ടുള്ള പിജി ഡോക്ടർമാരുടെ സമരം ഇന്ന് 14 ദിവസം കടന്നു.

രാവിലെ 8 ന് ഹൗസ് സർജൻമാരുടെ സൂചനാ പണിമുടക്ക് അവസാനിക്കുന്നതോടെ മെഡിക്കൽ കോളജ് ഓ.പികളിൽ കൂടുതൽ ഡോക്ടർമാർ എത്തും. അപ്പോഴും പി ജി ഡോക്ടർമാരുടെ സമരത്തിന് പൂർണ പിന്തുണ നൽകുകയാണ് എല്ലാ മെഡിക്കൽ സംഘടനകളും ഒപ്പം ഐഎംഎ യും.

നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരുടെ നിയമനം, സ്റ്റൈപൻഡ് വർധന തുടങ്ങിയ വിഷയങ്ങളിലാണ് ആരോഗ്യവകുപ്പുമായുള്ള ചർച്ച. നേരത്തെ ഇനി ചർച്ചയില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ പിജി ഡോക്ടർമാർക്ക് പിന്നാലെ ഹൗസ് സർജന്മാരും പണിമുടക്കിയതോടെയാണ് ചർച്ചയില്ലെന്ന നിലപാടിൽ നിന്നും സർക്കാർ അയഞ്ഞത്.

ഹൗസ് സർജന്മാരുമായി ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇതിൻ്റെ തുടച്ചയായാണ് ഇന്നത്തെ ചർച്ച. പിജി ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ച് പണിമുടക്കിയ ഹൗസ് സർജന്മാരുമായി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് ചർച്ച നടത്തിയത്.

ആവശ്യങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഹൗസ് സർജന്മാർക്ക് സെക്രട്ടറി ഉറപ്പ് നൽകി. പിന്നാലെ പിജി ഡോക്ടർമാരെ ചർച്ചക്ക് വിളിക്കുകയായിരുന്നു.

സമരം ശക്തമായതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ രോഗികൾ ചികിത്സ കിട്ടാതെ ദുരിതത്തിലാണ്. പിജി ഡോക്ടർമാർക്ക് പിന്തുണയുമായി ഹൗസ് സർജന്മാർ കൂടി പണിമുടക്കിയതോടെയാണ് മെഡിക്കൽ കോളജാശുപത്രിയിൽ രോഗികളുടെ അവസ്ഥ കൂടുതൽ സങ്കീർണമായത്.

അടിയന്തര ശസ്ത്രക്രിയകളും സ്കാനിംഗുകളുമടക്കം സമസ്ത മേഖലയേയും ഡോക്ടർമാരുടെ സമരം ബാധിച്ചു. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരടക്കം ദുരിതത്തിലായി.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെജിഎംസിടിഎ രണ്ട് മണിക്കൂർ നേരത്തേക്ക് ഒപിയിൽ നിന്ന് വിട്ടുനിന്നു. ജോലി ചെയ്യുന്ന ഡോക്ടർമാരുടെ സമയക്രമം പരമാവധി പുനക്രമീകരിച്ചിട്ടും കോഴിക്കോട്, തൃശ്ശൂർ, കോട്ടയം മെഡിക്കൽ കോളജുകളെ സമരം കാര്യമായി ബാധിച്ചു. കിടത്തി ചികിത്സയും ചിലയിടങ്ങളിൽ തടസ്സപ്പട്ടു.

ആവശ്യത്തിന് നോൺ അക്കാദമിക് റസിഡന്റ് ഡോക്ടർമാരെ നിയമിക്കുക, സ്റ്റൈപൻഡ് വ‌ർധിപ്പിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

spot_img

Related Articles

Latest news