പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഭണ്ഡാരത്തിലെ കറൻസി നോട്ട് ഏണ്ണിയതിൽ പിശക്. സംഭവത്തിൽ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. ബാങ്ക് ജീവനക്കാര്‍ എണ്ണി തിട്ടപ്പെടുത്തിയ നോട്ടുകെട്ടുകളില്‍ അധിക തുക കണ്ടെത്തിയതിനെ തുടർന്നാണിത്. നോട്ടെണ്ണുന്ന യന്ത്രത്തിലെ തകരാറാണ് പിശകിന് കാരണമെന്ന് ദേവസ്വം ബോര്‍ഡും ബാങ്ക് അധികൃതരും പറയുന്നു.
ശബരിമല സന്നിധാനത്ത് കാണിക്കയായി കിട്ടുന്ന നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയിരിക്കുന്ന ബാങ്കിലെ ജീവനക്കാരാണ്. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ അടുക്കി നല്‍കുന്ന നോട്ടുകള്‍ യന്ത്രത്തിന്റെ സഹായത്തോടെ ബാങ്ക് ജീവനക്കാരാണ് എണ്ണുന്നത്. ഇത്തരത്തില്‍ എണ്ണി മാറ്റിയ നോട്ടുകെട്ടുകളില്‍ വലിപ്പം കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവസ്വം ജീവനക്കാര്‍ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.
ദേവസ്വം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 10, 20, 50 നോട്ടുകളുടെ കെട്ടുകളിൽ 250 രൂപവരെ കൂടുതല്‍ കണ്ടെത്തി. നോട്ടെണ്ണുന്ന യന്ത്രത്തിലെ തകരാറാണ് പിശകിന് കാരണമെന്ന് ദേവസ്വംബോര്‍ഡും ബാങ്ക് അധികൃതരും പറയുന്നു.
നോട്ട് എണ്ണുന്നതും ബാങ്കിലേക്ക് പണം അടക്കുന്നതും താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നാണയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ എണ്ണി ബാങ്കില്‍ അടക്കുന്നത്. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ദേവസ്വം സെക്രട്ടറിക്കും കമ്മിഷണര്‍ക്കും കൈമാറും.