നിയമനത്തിന് തെറ്റായ വിവരങ്ങൾ നൽകിയ കാർഷിക സർവകലാശാല വിസിക്കെതിരെ നടപടി വൈകുന്നു

തിരുവനന്തപുരം: കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ ആർ ചന്ദ്രബാബു നിയമനത്തിന് മുൻപ് നൽകിയ ബയോഡാറ്റയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ മിക്കതും വ്യാജമെന്ന് തെളിഞ്ഞ് മാസങ്ങളായിട്ടും നടപടിയില്ല. നിയമനത്തിലെ ക്രമക്കേടിനെതിരെ ഇടത് സംഘടനകൾ പരസ്യമായി രംഗത്ത് വന്നെങ്കിലും ഫലവുമുണ്ടായില്ല.

തമിഴ്നാട് കാർഷിക സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗം പ്രൊഫസറായിരിക്കെയാണ് ഡോ ആർ ചന്ദ്രബാബു 2017 ല്‍ കേരള കാർഷിക സർവകലാശാല വിസിയായി നിയമിതനായത്. 12 വിദേശ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രാഫസറായിരുന്നുവെന്നാണ് ബയോഡാറ്റയിൽ ഇദ്ദേഹം ചേർത്തിരുന്നത്. എന്നാൽ ഇത് തെറ്റാണെന്ന് അദ്ദേഹത്തിന്റെ മാതൃ സ്ഥാപനമായ തമിഴ്നാട് കാർഷിക സർവകലാശാല നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ വ്യക്തമാണ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി സർവകലാശാലയിലെ ഇടതു സംഘടനയില്‍ പെട്ട ജീവനക്കാര്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പരാതി അയച്ചു. പരാതിയില്‍ ഗവര്‍ണര്‍ വിസിയിൽ നിന്ന് മറുപടി തേടിയെങ്കിലും മറ്റൊന്നും സംഭവിച്ചില്ല. വിസിക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇടതുസംഘടനകള്‍ മാസങ്ങളായി പരസ്യ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ഒന്നും സംഭവിക്കുന്നില്ല. വ്യാജ പ്രസ്താവന നടത്തി നിയമനം നേടിയിട്ടുണ്ടെങ്കിൽ അത് നിർബന്ധമായും അന്വേഷിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ നിലപാട്.

സെലക്ഷൻ കമിറ്റി 2017 ഡിസംബർ 23 നാണ് ഡോ ചന്ദ്രബാബുവിനെ ശുപാർശ ചെയ്തതത്. അടുത്ത ദിവസം തന്നെ അദ്ദേഹം ചുമതലയേറ്റു. 2022 ഒക്ടോബർ വരെയാണ് നിയമന കാലാവധി. യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കാത്ത അപേക്ഷകൾ സെലക്ഷൻ കമിറ്റി തള്ളുകയാണ് പതിവ്. ഇവിടെ അതുണ്ടായില്ല. ബയോഡാറ്റയിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാതെ സെലക്ഷൻ കമ്മിറ്റി ചന്ദ്രബാബുവിനെ ശുപാർശ ചെയ്തതെന്ന ആരോപണം ശക്തമാണ്. നിശ്ചിത യോഗ്യതയുള്ള 20 ലേറെ അപേക്ഷകരെ തള്ളിയായിരുന്നു നിലവിലെ വിസിയുടെ നിയമനം. അതേസമയം ഗവര്‍ണര്‍ക്ക് ഇക്കാര്യത്തില്‍ കഴിഞ്ഞ ജൂണില്‍ തന്നെ വിശദീകരണം കൊടുത്തിരുന്നതായി വൈസ് ചാൻസലർ വ്യക്തമാക്കി.

spot_img

Related Articles

Latest news