രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെയും മറ്റു സ്വതന്ത്ര കർഷക സംഘടനകളുടെയും നേതൃത്വത്തിൽ കർഷകർ സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. കർഷകരുടെ ആവശ്യങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന സർക്കാറിനെതിരെ ഡിസംബർ 18 ന് നടത്തുന്ന മാർച്ചിൽ ദേശീയ കർഷക പ്രക്ഷോഭ നേതാക്കളടക്കം നിരവധി പേർ പങ്കെടുക്കുമെന്ന് വിഫാം സംസ്ഥാന ചെയർമാൻ ജോയി കണ്ണൻ ചിറ അറിയിച്ചു.
കസ്തൂരി രംഗൻ റിപ്പോർട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ 25 ലക്ഷത്തിലധികം ജനങ്ങൾ കുടിയിറക്ക് ഭീഷണിയിലാണ്. വർദ്ധിച്ച് വരുന്ന വന്യമൃഗ ശല്യത്താൽ മലയോര കർഷകർ ദുരിതത്തിലായിട്ട് വർഷങ്ങളേറെയായി. ശാശ്വത പരിഹാരത്തിനായി സർക്കാറുകൾ നാളിതു വരെ യാതൊന്നും ചെയ്യാതെ കർഷകരോട് പുറം തിരിഞ്ഞ് നിൽക്കുകയാണ്.
പ്രളയം കാരണവും വന്യമൃഗ ശല്യത്താലും കൃഷി നാശം സംഭവിച്ച കർഷകർക്ക് നാശനഷ്ടം നൽകുന്നതിൽ സർക്കാർ വീഴ്ച്ച വരുത്തിയിരിക്കുന്നു. നാമമാത്രമായ നഷ്ടപരിഹാരമാണ് നാളിതു വരെ നൽകിയിട്ടുള്ളത്. പട്ടയ പ്രശ്നമടക്കം നിരവധി പ്രശ്നങ്ങളാണ് കർഷകർ അഭിമുഖീകരിക്കുന്നത്.
കോവിഡ് കാരണവും ലോക്ക് ഡൗൺ നിമിത്തവും ദുരിതത്തിലായ കർഷകർ , കാർഷിക വിളകൾക്ക് ഉണ്ടായിട്ടുള്ള വിലതകർച്ചയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. കാർഷിക ലോണുകൾക്ക് അടക്കം ജപ്തി നടപടികളുമായി ബാങ്കുകൾ നീങ്ങുമ്പോൾ കർഷകർ ആത്മഹത്യയുടെ വക്കിലാണ്.