മലബാറിനോടുള്ള ക്രൂരമായ വിദ്യാഭ്യാസ അവഗണന പരിഹരിക്കണം: എം. ഡി. എഫ്

മലബാർ കേരളത്തിൻ്റെ ഭാഗമായിട്ട് 60 വർഷം കഴിഞ്ഞിട്ടും മലബാറിലെ വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് വിദ്യാഭ്യസത്തിന് ശേഷം ഉപരിപഠനം നടത്താൻ പോലും ആവശ്യത്തിനുള്ള സൗകര്യമില്ലാതെ ക്രൂരമായ അവഗണനയാണ് നേരിടുന്നതെന്നും ഇതിന് ശാശ്വത പരിഹാരം വേണമെന്നും വിദ്യാഭ്യാസ ശോചനീയാവസ്ഥ പഠിക്കാനും പ്രതിവിധി നിർദ്ദേശിക്കാനും കേരള സർകാർ നിയോഗിച്ച ഡോ: ശ്യാം ബി മേനോൻ കമ്മിഷൻ മുമ്പാകെ മലബാർ ഡവലപ്പ്മെൻ്റ് ഫോറം ആവശ്യപ്പെട്ടു.

എം.ഡി.എഫ്. വിദ്യാഭ്യാസ വികസന സമിതി കൺവീനർ അഫ്സൽ ബാബുവിൻ്റെ നേതൃത്വത്തിൽ എം.ഡി.എഫ്. ജനറൻ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി , ട്രഷറർ വി.പി സന്തോഷ് കുമാർ , വിദ്യാഭ്യാസ വികസന സമിതി അംഗം പി ഇ സുകുമാരൻ, സെൻട്രൽ കൗൺസിൽ അംഗം പ്രൊഫസർ അബ്ദുൾ നാസർ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിഷനെ കണ്ടത്.

ബിരുദ പഠനത്തിന് സീറ്റ്‌ പരിശോധിച്ചാൽ തിരു-കൊച്ചി മേഖലയിൽ 71. 9% ഉള്ളപ്പോൾ മലബാർ മേഖലയിൽ വെറും 28.1% മാത്രമാണ് ഉള്ളത്. PG വിഭാഗം പരിശോധിച്ചാൽ തിരുകൊച്ചിയിൽ 76% കുട്ടികൾക്ക് സീറ്റ്‌ ലഭിക്കുമ്പോൾ മലബാർ മേഖലയിൽ ഇപ്പോൾ 23. 9% കുട്ടികൾക്ക് മാത്രമാണ് സീറ്റ്‌ ലഭിക്കുന്നത്.

അതുപോലെ B. Ed, TTC, പോളി ടെക് നിക്ക്, ഐ. ടി. ഐ എന്നിങ്ങനെയുള്ള മേഖലയിൽ നോക്കിയാലും മലബാർ മേഖലയിൽ കുട്ടികളുടെ എണ്ണത്തെ അപേക്ഷിച്ചു സീറ്റുകളുടെ എണ്ണം വളരെ കുറവാണ്. എയ്ഡഡ് കോളേജിന്റെ എണ്ണവും ഇത് പൊലെ തന്നെ കണക്കുകൾ .  തിരുകൊച്ചിയിൽ 69. 61% ഉള്ളപ്പോൾ മലബാർ മേഖലയിൽ 30. 39% മാത്രമേ ഉള്ളു. സീറ്റുകളുടെ ശതമാനം പരിശോധിച്ചാൽ തിരുകൊച്ചിയിൽ 63. 4% കുട്ടികൾക്ക് സൗകര്യം ലഭിക്കുമ്പോൾ 36.5% സീറ്റുകൾ മാത്രമാണ് മലബാർ പ്രദേശത്ത്‌ ഉള്ളത്.

വിദ്യാഭ്യാസത്തിന് പണം ചിലവഴിക്കുന്ന കാര്യത്തിലും അദ്ധ്യാപക നിയമനവും വിദ്യാഭ്യാസ സങ്കേതിക സൗകര്യമൊരുക്കുന്നതിലും വലിയ അന്തരം മലബാറിലെ കാസർഗോഡ് , കണ്ണൂർ, വയനാട് , കോഴിക്കോട് , മലപ്പുറം ,പാലക്കാട് എന്നീ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടെന്ന് വിശദമായ പഠനത്തിലൂടെയുള്ള റിപ്പോർട്ട് കമ്മിഷൻ മുമ്പാകെ എം ഡി ഫ് സമർപ്പിച്ചു.

മലബാറിൽ പുതിയ സർവ്വകലാശാലകൾ ഉണ്ടാവണം , സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകണം , വിദേശ രാജ്യത്ത് തൊഴിൽ സാധ്യതയുള്ള കോഴ്സുകൾക്ക് അനുമതി നൽകണം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ കോളേജുകളിൽ നടപ്പിലാക്കുന്ന തൊഴിൽ ക്യാമ്പുകൾ മലബാറിലെ കോളേജിലെ ക്യാമ്പസുകളിലും കൊണ്ട് വരണമെന്ന് എം. ഡി.എഫ്. കമ്മീഷനോടാവശ്യപ്പെട്ടു

എം. ഡി.എഫ്. ൻ്റെ വിവിധ ചാപ്റ്ററുകളിലെ വിദ്യാഭ്യാസ വികസന സമിതി വിശദമായ പഠനത്തിലൂടെ തയ്യാറാക്കിയ റിപ്പോർട്ട് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന കൂടിക്കാഴ്ചയിൽ കമ്മീഷന് നൽകി. കമ്മീഷൻ മലബാറിലെ വിദ്യാഭ്യാസ പ്രവർത്തകരെ നേരിൽ കാണണമെന്ന് എം ഡി. എഫ്. ആവശ്യപ്പെട്ടു.

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങൾക്കനുസൃതമായി മലബാറിലെ  ഉന്നത വിദ്യാഭ്യാസ മേഖല പരിഷ്കരിക്കുന്നതിനും ഒരു വിജ്ഞാന അധിഷ്ഠിത സമൂഹം പിന്നോക്ക ജില്ലകൾ ഉൾപ്പെടുന്ന മലബാറിൽ കെട്ടിപ്പടുക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് മലബാർ ഡെവലപ്മെൻറ് ഫോറം കമ്മിഷനോട് റിപ്പോർട്ടിലുടെ ആവശ്യപ്പെട്ടു.

മലബാറിൻ്റെ സമസ്ത മേഖലകളിലെയും പുരോഗതി ലക്ഷ്യം വെച്ച് രൂപീകരിച്ച് മത, ജാതി, രാഷ്ട്രീയ പരിഗണനകൾക്കതീതമായി പ്രവർത്തിച്ചു വരുന്നതും മലബാറിൽ അറുപത് നിയോജക മണ്ഡലത്തിലും ചാപ്റ്ററുകളുള്ളതുമായ സംഘടനയാണ് MDF.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൃത്യമായ പഠനങ്ങളുടെ അഭാവം മൂലം അവസരങ്ങളുടെ വിന്യാസത്തിലും, പൊതു വിഭവങ്ങളുടെ വിതരണത്തിലും, കടുത്ത അസംതുലിതാവസ്ഥ മലബാറിൽ നിലനില്ക്കുന്നുവെന്നത് മലബാർ ഡെവലപ്മെൻറ് ഫോറത്തിൻ്റെ പഠനങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥ, പ്ലസ് വൺ പ്ലസ് ടു തലത്തിൽ ആയിരുന്നാലും ഉന്നതവിദ്യാഭ്യാസമേഖലയിൽ ആയിരുന്നാലും രൂക്ഷമായ വിടവ് നിലനിൽക്കുന്നു. സർക്കാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച പ്രകടനപത്രികയിൽ മലബാറിനോടുള്ള വിവേചനപരമായ നിലപാട് പഠന വിധേയമാക്കുമെന്നും അസന്തുലിതാവസ്ഥ പരിഹരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്കരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ളതാണ് കമ്മീഷൻ. പഴയ കാലങ്ങളിൽ സംഭവിച്ച പിഴവുകൾ പരിഹരിച്ച് സാമൂഹ്യ നീതി പുന:സ്ഥാപിക്കാൻ ആവശ്യമായിട്ടുള്ള നിർദ്ദേശങ്ങളും നീക്കങ്ങളും കമ്മീഷൻറെ ഭാഗത്ത് ഉണ്ടാകണമെന്ന് റിപ്പോട്ടിൽ എം ഡി. എഫ് ആവശ്യപ്പെട്ടു

കേരള പിറവി മുമ്പു തന്നെ വളരെ കുറഞ്ഞ സീറ്റ് വിഹിതമാണ് ആണ് എല്ലാ മേഖലകളിലും ലഭ്യമായിട്ടുള്ളത്. ബിരുദ – ബിരുദാനന്തര കോഴ്സുകൾ, പ്രൊഫഷണൽ കോഴ്സുകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, നിയമ പഠനം, തുടങ്ങി സമസ്ത മേഖലകളിലും വലിയ അസംതുലിതാവസ്ഥ നിലനിൽക്കുന്നത്  സാമൂഹിക നീതി സങ്കൽപത്തെയും അട്ടിമറിക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. പഠിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളിലും, സ്ഥാപനങ്ങളിലും അവസരം ലഭിക്കാത്തവ മൂലം നിരവധി കുട്ടികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് ഉന്നതപഠനത്തിന് പോകാൻ നിർബന്ധിതരാവുകയാണ്. സാമ്പത്തിക ശേഷി ഇല്ലാത്ത സാധാരണക്കാരുടെ മക്കൾ ഇതിൻറെ ബലിയാടുകൾ ആവുകയാണ്.

മറ്റൊരു പ്രധാന വിഷയം നമ്മുടെ വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം കാലാനുസൃതമായി ഉയർത്താത്തതു മൂലം ഉണ്ടായ വികസന മുരിടിപ്പാണ്. പൊതുവേ ആഭ്യന്തര വരുമാനത്തിൻ്റെ 3 ശതമാനം മാത്രമാണ് കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ ചെലവിടുന്ന രാജ്യമെന്ന നിലക്ക് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് പരാധീനതകൾ നിലനില്ക്കുന്നു. അതുകൊണ്ടുതന്നെ രാജ്യാന്തര റേറ്റിംങ്ങുകളിൽ നമ്മൾ പിന്നോട്ട് പോകുന്നു.

ദേശീയ തലത്തിൽ തന്നെ നോക്കുമ്പോൾ എല്ലാ നിലക്കും മുൻപന്തിയിലുള്ള നമ്മുടെ സംസ്ഥാനം നമ്മുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെ കാര്യത്തിൽ ആശാവഹമായ സ്ഥാനം കൈവരിക്കുന്നില്ലയെന്നതാണ് യാഥാർത്ഥ്യം. ഗവേഷണ സൗകര്യങ്ങൾ കുറവു മൂലം മലബാറിലെ വിദ്യാർത്ഥികൾ അന്യസംസ്ഥാനങ്ങളിൽ പോയി പല സ്ഥാപനങ്ങളിലും അലയേണ്ടി വരുന്നു. പെൺകുട്ടികളും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളും ഇക്കാരണത്താൽ ഗവേഷണ മേഖലയിൽ പിന്നോക്കം പോകുന്നു. ഗവേഷണത്തിൻ്റെ കാര്യത്തിൽ മലബാർ മേഖല ശുഷ്കിച്ചു പോയിയിരിക്കുന്നു.

പാഠ്യപദ്ധതി പരിഷ്കരണം, അധ്യാപകരുടെ കാലാനുസൃത ശാക്തീകരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഒരു വ്യക്തമായ നയം പോലുമില്ലാത്തത് നമ്മെ ഏറെ പിന്നോട്ട് കൊണ്ടുപോയ കാര്യങ്ങളാണ്.

പഠിക്കുന്ന കാര്യങ്ങളിൽ 30% പോലും തൊഴിൽ രംഗത്ത് ഉപകാര പ്പെടുന്നില്ലെന്ന് കുട്ടികൾ പരാതിപ്പെടുന്നു. ജനസംഖ്യയുടെ നല്ലൊരു ശതമാനം വരുന്ന പഠിച്ച കുട്ടികൾ അനുയോജ്യമായ തൊഴിൽ ലഭിക്കാതെ മറ്റു മേഖലകളിലേക്ക് തിരിയുന്നത് നമ്മുടെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്

എല്ലാവർക്കും പ്രാപ്യമായ ( Access) തുല്ല്യത (equity ) വിദ്യാഭ്യാസം, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന (inclusive) ഗുണമേന്മ (Excellence) യുള്ള വിദ്യാഭ്യാസം എന്ന നാല് തത്വങ്ങൾ നമ്മൾ പതിനൊന്നാം പദ്ധതിക്കാലം മുതൽ പറയാൻ തുടങ്ങിയതാണെങ്കിലും അക്കാര്യത്തിൽ ആത്മാർത്ഥമായ സമീപനം സ്വീകരിക്കാൻ നമുക്ക് വേണ്ടത്ര സാധിച്ചിട്ടില്ല.

ഗ്രാമീണ മലയോര തീരദേശ മേഖലകളിലുള്ള കുട്ടികൾക്ക് എപ്പോഴും ഇഷ്ടപ്പെട്ട കോഴ്സുകൾ ലഭിക്കാനോ നിലവാരമുള്ള സ്ഥാപനങ്ങളിൽ പഠിക്കാനോ സാധ്യമാകുന്നില്ല. പട്ടണങ്ങളെ കേന്ദ്രീകരിച്ചാണ് ഗുണമേന്മയുള്ള സ്ഥാപനങ്ങളധികവും. സംസ്ഥാനത്ത് നൂതന കോഴ്സുകൾ അനുവദിച്ചപ്പോൾ മലബാറിൽ ഈ അസന്തുലിതാവസ്ഥ വർദ്ധിക്കുകയാണുണ്ടായത്.

ദേശിയ വിദ്യാഭ്യാസ നയത്തിൻ്റെ വരവോടുകൂടി ഉണ്ടാകാവുന്ന വമ്പിച്ച കുത്തൊഴുക്കുകളെ അതിജീവിക്കാൻ മലബാറിലെ ഉള്ള സ്ഥാപനങ്ങളെ സജ്ജമാക്കാൻ ആവശ്യമായ സാമ്പത്തിക സാങ്കേതിക സഹായങ്ങൾ നൽകാൻ സർക്കാറും ഉന്നത വിദ്യാഭ്യാസ കൗൺസിലും തയ്യാറാകണം.

എല്ലാ സ്ഥാപനങ്ങളെയും മികവുറ്റതാക്കാൻ ഉള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. അതിനുള്ള തുറന്ന മനസ്സ് സർക്കാറിൻ്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

spot_img

Related Articles

Latest news