കേരള കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഒന്നാമത് സംസ്ഥാന തല സ്ലാലം വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് ഡിസംബർ 22 ബുധനാഴ്ച ഇരവഞ്ഞിപ്പുഴയിൽ പുല്ലൂരാംപാറ പള്ളിപ്പടി പാലത്തിന് സമീപം വച്ച് സംഘടിപ്പിക്കുന്നു. 2022 ജനുവരിയിൽ ഭോപ്പാലിൽ വച്ച് നടക്കുന്ന നാഷണൽ കയാക്കിംഗ് ചാമ്പ്യൻഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നാണ് തിരഞ്ഞെടുക്കുക.
പോൾസൺ അറയ്ക്കൽ പ്രസിഡണ്ടായി കോടഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന തുഷാരഗിരി അഡ്വഞ്ചർ കയാക്കിംഗ് അക്കാദമിയുടെ സഹകരണത്തോടെയാണ്ഈ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കനോയിംഗ് കയാക്കിംഗ് അസോസിയേഷൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ടി രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്യുന്നതാണ്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കളത്തൂർ മുഖ്യാതിഥി ആയിരിക്കും.
കോടഞ്ചേരി, തിരുവമ്പാടി പ്രദേശങ്ങളെയും തുഷാരഗിരിയെയും ഇരവഞ്ഞിപ്പുഴയെയും ലോക ടൂറിസം മാപ്പിൽ അടയാളപ്പെടുത്തുന്നതിൽ വർഷങ്ങളായി നടത്തി വന്നിരുന്ന ‘മലബാർ റിവർ ഫെസ്റ്റിവൽ ‘ എന്ന വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പ് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ പങ്കെടുത്തിരുന്ന ആ ഫെസ്റ്റിവൽ, കോവിഡ് പ്രതിസന്ധി കാരണം താത്ക്കാലികമായി നിർത്തിവയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ മേഖലയുടെ ടൂറിസം വികസനത്തിന് സംസ്ഥാന കയാക്കിംഗ് അസോസിയേഷന്റെ ചാമ്പ്യൻഷിപ്പ് മുതൽക്കൂട്ടായി മാറും.