ഹേഗ്:കോവിഡിന്റെ ഒമിക്രോൺ വകഭേദം യൂറോപ്പിൽ വ്യാപിക്കുന്നതിനിടെ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. ക്രിസ്മസ്, പുതുവർഷാഘോഷങ്ങൾ നിയന്ത്രിച്ചുകൊണ്ട് ഞായറാഴ്ച മുതൽ ജനുവരി നാലുവരെയാണ് രാജ്യം അടച്ചിടലിലേക്ക് പോവുക. അത്യാവശ്യവസ്തുക്കളുടെയല്ലാത്ത കടകളും സാംസ്കാരിക, വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി നാലുവരെ അടച്ചിടും. സ്കൂളുകൾ ജനുവരി പത്തുവരെയും അടച്ചിടും. ക്രിസ്മസ് ദിനത്തിൽമാത്രം നിയന്ത്രണങ്ങൾക്ക് ഇളവുണ്ട്. ക്രിസ്മസിനു മുമ്പേ രാജ്യം നിയന്ത്രണത്തിലേക്കു പോകാനുള്ള സാധ്യത ബ്രിട്ടനും തള്ളിയിട്ടില്ല.
ജനുവരി പകുതിയോടെ യൂറോപ്പിൽ ഒമിക്രോൺ വകഭേദത്തിന്റെ ആധിപത്യമുണ്ടാകുമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല ഫൻ ദേർ മുന്നറിയിപ്പുനൽകിയിട്ടുണ്ട്. ശനിയാഴ്ചമാത്രം ബ്രിട്ടനിൽ 90,418 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ പതിനായിരത്തിലേറെയും ഒമിക്രോൺ വകഭേദമാണ്. അതേസമയം, അതീവ അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി ബ്രിട്ടനെ ഉൾപ്പെടുത്തി. ഫ്രാൻസും ഡെൻമാർക്കും നേരത്തേ പട്ടികയിലുണ്ട്. ഫ്രാൻസിൽ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ആരോഗ്യസമിതി സർക്കാരിനോടാവശ്യപ്പെട്ടു. അയർലൻഡിൽ മദ്യശാലകളും റെസ്റ്റോറന്റുകളും എട്ടുമണിക്കുശേഷം തുറക്കില്ല. ഡെൻമാർക്ക് സിനിമാ തിയേറ്ററുകളടക്കമുള്ള കേന്ദ്രങ്ങൾ അടച്ചു.