ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ശക്തമായ പ്രതിപക്ഷ ബഹളത്തെതുടർന്ന് സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. ബില്ലിന്മേൽ പ്രതിഷേധം ഉയത്തിയ പ്രതിപക്ഷം കേന്ദ്ര സർക്കാരിനും ബി ജെ പിക്കും ബില്ലിലൂടെ ഗൂഢലക്ഷ്യം നടപ്പാക്കാനുള്ള പദ്ധതിയുണ്ടെന്ന് ആരോപിച്ചു. നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ബിൽ കീറിയെറിഞ്ഞു.
അപ്രതീക്ഷിതമായാണ് കേന്ദ്രം സഭയിൽ ബിൽ അവതരിപ്പിച്ചത്. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അവതരിപ്പിച്ച ബിൽ അജണ്ടയുടെ ഭാഗമായിരുന്നില്ല. ബില്ലിലെ ഉള്ളടക്കത്തോടൊപ്പം അത് സഭയിൽ അവതരിപ്പിച്ച രീതിയിലും വലിയ എതിർപ്പാണ് പ്രതിപക്ഷം ഉന്നയിച്ചത്.പുതിയ നിയമം എല്ലാ സമുദായാംഗങ്ങൾക്കും ബാധമായിരിക്കും. നിയമം വരുന്നതോടെ ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി വിവാഹനിയമങ്ങൾ മാറും. മുസ്ലീം വ്യക്തിനിയമത്തിനും മുകളിലായിരിക്കും വിവാഹനിയമമെന്നും ബാലവിവാഹനിയമത്തിൽ ഇത് എഴുതിച്ചേർക്കുമെന്നും കേന്ദ്രം ലോക്‌സഭയിൽ അറിയിച്ചു. ക്രിസ്ത്യൻ വിവാഹ നിയമം, പാഴ്സി വിവാഹ നിയമം, ഹിന്ദു വിവാഹ നിയമം, സ്പെഷ്യൽ മാരേജ് ആക്ട്, ഹിന്ദു മൈനോരിറ്റി ആൻഡ് ഗാർഡിയൻ ഷിപ്പ് ആക്ട് – 1956, ഫോറിൻ മാരേജ് ആക്ട്, ബാല വിവാഹ നിരോധന നിയമം അടക്കം ഏഴ് നിയമങ്ങളാണ് മാറ്റേണ്ടിവരിക.
Mediawings: