സംസ്ഥാനത്ത്‍ എട്ട് പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ രോഗി ആശുപത്രിവിട്ടു

തിരുവനന്തപുരം:സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം (ഒന്ന്), കൊല്ലം (ഒന്ന്), ആലപ്പുഴ (രണ്ട്), എറണാകുളം (രണ്ട്), തൃശൂർ (രണ്ട്) എന്നിവിടങ്ങളിലാണ് പുതുതായി ഒമിക്രോൺ സ്ഥിരീകരിച്ചത്.

 

റഷ്യയിൽനിന്നു ഡിസംബർ 22-ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ വിദേശി (48), ഡിസംബർ 16-ന് നമീബിയയിൽനിന്നു എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), ഡിസംബർ 17-ന് ഖത്തറിൽനിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), ഡിസംബർ 11-ന് ഖത്തറിൽനിന്നു എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യു.കെയിൽനിന്ന് ഡിസംബർ 18-ന് എറണാകുളത്തെത്തിയ പെൺകുട്ടി (മൂന്ന്), യു.എ.ഇയിൽനിന്നു ഡിസംബർ 18-ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയിൽനിന്നു ഡിസംബർ 13-ന് എറണാകുളത്തെത്തിയ തൃശൂർ സ്വദേശി (48), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള തൃശൂർ സ്വദേശിനി (71) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

 

ഇന്നു ഒമിക്രോൺ സ്ഥിരീകരിച്ച മൂന്ന് വയസുകാരി യു.കെയിൽനിന്നു മാതാപിതാക്കളോടൊപ്പം എത്തിയതാണ്. എയർപോർട്ടിലെ കോവിഡ് പരിശോധനയിൽ മാതാപിതാക്കൾ നെഗറ്റീവായിരുന്നു. ഹോം ക്വാറന്റീനിലായിരുന്നു ഇവർ. കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വരുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് ആകെ 37 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത ഒമിക്രോൺ പോസിറ്റീവായ യു.കെയിൽനിന്നു വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തു. തുടർ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്.

spot_img

Related Articles

Latest news