വരുംതലമുറയുടെ ശാപം ഉണ്ടാക്കരുത് ,​ എത്ര എതിര്‍ത്താലും കെ – റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: നാടിന്റെ വികസത്തിന് പ്രതിപക്ഷം തടസം നില്‍ക്കുന്നുവെന്നും എതിര്‍പ്പ് ഉണ്ടെന്ന് കരുതി കെ- റെയില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാറപ്രത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി പിണറായി – പാറപ്രം സമ്മേളനത്തിൻ്റെ 82മത് വാർഷികാചരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

‘ഇപ്പൊ വേണ്ട എന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ ഇല്ല എങ്കില്‍ പിന്നെ എപ്പോള്‍ എന്നതാണ് ചോദ്യം. ​ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ. ഒരു നാടിനെ ഇന്നില്‍ തളച്ചിടാന്‍ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാന്‍ ഇടയാക്കരുത്. നമ്മുടെ ഇച്ഛാശക്തിക്ക് മുന്നില്‍ മഹാമാരിക്ക് പോലും അടിയറവ് പറയേണ്ടി വന്നു. കെ റെയില്‍ പദ്ധതിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം എന്താണ്. നിങ്ങളുള്ളപ്പോള്‍ വേണ്ട എന്നു മാത്രമാണ് യു ഡി എഫ് പറയുന്നത്. എതിര്‍പ്പ് ഉണ്ടെന്നു കരുതി കെ റെയിലില്‍ നിന്ന് പിന്മാറില്ല- മുഖ്യമന്ത്രി വ്യക്തമാക്കി.

എസ്.ഡി.പി.ഐയെയും ആര്‍.എസ്.എസിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുന്നു. സംഘപരിവാറിനെ നേരിടാന്‍ അവര്‍ മതിയെന്ന് ന്യൂനപക്ഷ വിഭാഗത്തിലെ തീവ്രവാദികള്‍ കരുതുന്നു. തങ്ങള്‍ എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ് ഡി പി ഐ കരുതുന്നത്. എസ്.ഡി.പി.ഐ യും ആര്‍.എസ്.എസും പരസ്പരം വളമാകുന്നു. വലിയ രീതിയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. ഒമിക്രോണില്‍ നല്ല ജാഗ്രത കാണിക്കണം. വാക്സിനെടുക്കാത്തവര്‍ വേഗം എടുക്കണം. മുഖ്യമന്ത്രി പറഞ്ഞു.

Mediawings:

spot_img

Related Articles

Latest news