ജിദ്ദ: അമേരിക്കയിൽ ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ നിന്ന് ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് വലിയ നേട്ടം സ്വന്തമാക്കി സൗദി ഡോക്ടർ. ഒഹായോയിലെ ക്ലീവ്‌ലാൻഡ് മെഡിക്കൽ സെൻററിലാണ് സൗദി പൗരനായ ഡോ. ഹാനി നജ്മിന്‍റെ നേതൃത്വത്തിൽ അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയ നടന്നത്. ആഗോളമാധ്യമങ്ങളിൽ ഇത് വലിയ വാർത്താപ്രാധാന്യമാണ് നേടിയത്.
ക്ലീവ്‌ലാൻറ് മെഡിക്കൽ സെൻററിലെ കാർഡിയാക് സർജറി വിഭാഗത്തിെൻറ തലവനാണ് ഡോ. ഹാനി നജ്മ്. യുവതിയുടെ വയറും ഗർഭപാത്രവും ശസ്ത്രക്രിയയിലൂടെ തുറന്നാണ് ട്യൂമർ നീക്കം ചെയ്തത്. ഗർഭസ്ഥശിശുവിന്റെ കൈകൾ ഉയർത്താനും നെഞ്ചിലെ അറയിൽ പ്രവേശിക്കാനും ട്യൂമർ നീക്കം ചെയ്യാനും രക്തയോട്ടം പുനഃസ്ഥാപിക്കാനും സൗദി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു.
പൂർണവളർച്ചയെത്തി പ്രസവിക്കാൻ വേണ്ടി ഗർഭപാത്രത്തിൽ ശിശുവിനെ സുരക്ഷിതമായി തിരികെ വെച്ചു. ജൂലൈ 13നാണ് ശസ്ത്രക്രിയ നടന്നത്. 10 ആഴ്ചക്ക് ശേഷം സിസേറിയൻ ശസ്ത്രക്രിയയിലൂടെ സാം ഡ്രൈനൺ കുഞ്ഞിന് ജന്മം നൽകി. ഓപറേഷൻ വിജയിച്ചതായും കുട്ടിയുടെ ജനനം പൂർണ ആരോഗ്യത്തോടെയാണെന്നും മെഡിക്കൽ സെൻറർ അധികൃതർ സ്ഥിരീകരിച്ചു.
25 ആഴ്ച ഗർഭിണിയായിരിക്കുമ്പോഴാണ് തന്‍റെ ശിശുവിന്‍റെ ഹൃദയത്തിൽ ട്യൂമറുള്ളത് കണ്ടെത്തുന്നതെന്ന് സാം ഡ്രെനൺ പറഞ്ഞു. ഗർഭസ്ഥ ശിശുവിന്റെ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആ സമയത്ത് ഡോക്ടർമാർ പറഞ്ഞതായും സാം ഡ്രെനൺ പറഞ്ഞു.
ഒരു അമ്മയുടെ ഗർഭപാത്രത്തിലെ അഞ്ച് മാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കാൻസർ ട്യൂമർ നീക്കം ചെയ്യാനും ജനനം വരെ ഗർഭധാരണം പൂർത്തിയാക്കാനും സാധിച്ചതിൽ സന്തോഷവാനാണെന്ന് ഡോ. ഹാനി നജ്മ് തന്റെ ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ഗർഭസ്ഥശിശുവിന്റെ ജീവൻ രക്ഷിച്ചതിന് ഡോ. നജ്മിനെ അമേരിക്കയിലെ സൗദി അംബാസഡർ റീമ ബിൻത് ബന്ദർ ബിൻ സുൽത്താൻ അഭിനന്ദിച്ചു.
അമേരിക്കയിലുടനീളമുള്ള സൗദി ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും പ്രവർത്തനം ഏറ്റവും മികച്ചതും മഹത്തരവുമാണെന്ന് സൗദി അംബാസഡർ പറഞ്ഞു.