ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നാളെ രാത്രി മുതൽ നിലവിൽ വരും. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ഞായറാഴ്ച വരെ നിയന്ത്രണം തുടരും. രാത്രി 10 മണിക്ക് ശേഷം തിയറ്ററുകളിലും ആരാധനാലയങ്ങളിലും നിയന്ത്രണമുണ്ട്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും നിയന്ത്രണമേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 64 ആയി ഉയർന്നു. ഇതും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണമായിട്ടുണ്ട്.
പുതുവത്സര സമയത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. നാളെ മുതൽ ജനുവരി 2 വരെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. പുതുവത്സരദിനത്തിൽ രാത്രി 10 മണിക്ക് ശേഷം ആൾക്കൂട്ടവും ആഘോഷങ്ങളും അനുവദിക്കില്ല.
ഹോട്ടലുകൾ, റസ്റ്ററന്റുകൾ, ബാറുകൾ എന്നിവയിൽ നേരത്തെയുള്ളതു പോലെ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുള്ളൂ. അത് കർശനമായി പാലിക്കുന്നു എന്നു ഉറപ്പു വരുത്താനുള്ള നിർദേശവും പൊലീസിന് നൽകിയിട്ടുണ്ട്. തിയറ്ററുകളിൽ നാളെ മുതൽ രണ്ടാം തിയ്യതി വരെ രാത്രി പ്രദർശനമുണ്ടാകില്ല.
Mediawings: