നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിഞ്ഞു. അഡ്വ. വി.എന്‍ അനില്‍കുമാറാണ് സ്ഥാനമൊഴിഞ്ഞത്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഓഫിസിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനമൊഴിയുന്ന വിവരമറിയിച്ചു.
കേസില്‍ തുടരന്വേഷണം നടത്താനായി വിചാരണ നിര്‍ത്തിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ അറിയിച്ചിരുന്നു. നാടകീയ സംഭവങ്ങള്‍ കോടതി മുറിയില്‍ നടക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് പ്രോസിക്യൂട്ടറുടെ രാജി.
കേസില്‍ ആദ്യത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറും വിചാരണ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ആക്രമണ ദൃശ്യം ദിലീപ് കണ്ടെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യം ദിലീപിന്റെ കൈവശമെത്തിയത് എങ്ങനെയെന്ന് അന്വേഷിക്കണം. സാക്ഷികളെ സ്വാധീനിച്ചെന്ന ആരോപണത്തിലും തുടരന്വേഷണം വേണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാകാനിരിക്കെയാണ് പ്രോസിക്യൂഷന്റെ ആവശ്യങ്ങള്‍ കോടതിയില്‍ ഉന്നയിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ 16 സാക്ഷികളുടെ പുനര്‍ വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ വിചാരണ കേടതിയോട് അംഗീകാരം തേടിയത്. 16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. മറ്റ് ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം വിചാരണ കോടതി തള്ളുകയായിരുന്നു. മൂന്ന് സാക്ഷികളുടെ വിസ്താരം മാത്രമാണ് വിചാരണാ കോടതി അനുവദിച്ചത്. രണ്ട് പേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനും മാത്രമായിരുന്നു കോടതി അനുമതി നല്‍കിയത്.