ബിജെപിക്കെതിരെ പ്രാദേശിക മുന്നണി രൂപീകരണത്തിന് ശ്രമം തുടങ്ങി സിപിഐഎം. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തി. സിപിഐ ദേശീയ സെക്രട്ടറി ഡി. രാജയും ബിനോയ് വിശ്വവും ചന്ദ്രശേഖര റാവുവിനെ കണ്ടു.
പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണന്‍, എസ് ആര്‍ പി, എം എ ബേബി, മണിക് സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവരും തെലങ്കാന മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. സിപിഐ നേതാക്കളെ പ്രത്യേകം പ്രത്യേകമാണ് കെ ചന്ദ്രശേഖര റാവു കണ്ടത്. രണ്ടുമണിക്കൂറോളം സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തി.
കെസിആറിന്റെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിലാണ് നേതാക്കളെത്തി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദര്‍ശനമെന്നായിരുന്നു വിശദീകരണം. പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണിക്കുള്ള നീക്കം ചന്ദ്രശേഖര്‍ റാവു തന്നെ യോഗത്തില്‍ അവതരിപ്പിച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് നിലപാടിലാണ് മുതിര്‍ന്ന സിപിഐഎം നേതാക്കളും. അഭിപ്രായപ്പെട്ടു.
അതിനിടെ ഹൈദരാബാദില്‍ നടന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. ബിജെപിയുടെ ഹിന്ദു രാഷ്ട്രവും കോണ്‍ഗ്രസിന്റെ ഹിന്ദു രാജ്യവും തമ്മില്‍ വ്യത്യാസമില്ലെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം ഹൈദരാബാദില്‍ നിക്ഷേപകരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയും പുരോഗമിക്കുകയാണ്. കൂടുതല്‍ നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം.