ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു; പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് തൃച്ചമ്പരത്തെ വീടിന് സമീപം സിപിഐഎം വിലകൊടുത്തുവാങ്ങിയ സ്ഥലത്താണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. രാത്രി ഏറെ വൈകിയും പാര്‍ട്ടി പ്രവര്‍ത്തകരും ധീരജിന്റെ സഹപാഠികളും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയത്.

ഇടുക്കിയില്‍ നിന്ന് അന്ത്യാഭിവാദങ്ങളേറ്റുവാങ്ങി ധീരജിന്റെ മൃതദേഹം നാട്ടിലെത്തുമ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. വിലാപ യാത്ര കടന്നുവന്ന പാതയ്ക്ക് ഇരുവശവും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് അണിനിരന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

അതിനിടെ, ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നീ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇടുക്കി മജിസ്‌ട്രേറ്റിന് മുന്‍പാണ് ഹാജരാക്കുക. പ്രതികളെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇവരുടെ കസ്റ്റഡി അപേക്ഷയും പൊലീസ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

സംഭവത്തില്‍ ഇന്ന് കൂടുതല്‍ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയത് കൂടാതെ പൊലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.

നിഖില്‍ പൈലിയെയും ജെറിന്‍ ജോജോയെയും കൂടാതെ കണ്ടാലറിയാവുന്ന നാല് പേരെ കൂടി എഫ്‌ഐആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെട്ടന്നുണ്ടായ സംഭവമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസ് എഫ്‌ഐആര്‍. അതേസമയം ധീരജിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന ആരോപണത്തിലാണ് എസ്എഫ്‌ഐയും സിപിഐഎമ്മും.

തിങ്കളാഴ്ചയാണ് ഇടുക്കി പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കൊല്ലപ്പെട്ടത്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ നിഖില്‍ പൈലി അടക്കം പുറത്ത് നിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായും സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് ധീരജിന് കുത്തേറ്റത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.

ധീരജിന്റെ വിയോഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. കണ്ണൂര്‍ തളിപ്പറമ്പ് പട്ടപ്പാറയിലെ വീട്ടില്‍ മകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് അമ്മ പുഷ്പകല തളര്‍ന്നുവീണു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അവധി കഴിഞ്ഞ് ധീരജ് ഇടുക്കിയിലേക്ക് മടങ്ങിപ്പോയത്. മരണത്തിന് തലേദിവസം രാത്രിയും വീട്ടില്‍ ഫോണ്‍ വിളിച്ചിരുന്നു.

തളിപ്പറമ്പില്‍ എല്‍ഐസി ഏജന്റായ അച്ഛന്‍ രാജേന്ദ്രന്‍ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. ധീരജിന്റെ അനുജന്‍ അദ്വൈത് തളിപ്പറമ്പ് സര്‍ സയ്യിദ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്. കുടുംബമായി വര്‍ഷങ്ങളായി തളിപ്പറമ്പിലാണ് താമസം.

spot_img

Related Articles

Latest news