ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ലെന്ന് പൊലീസ്. ചുരുളി കാണാനായി നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യ യോഗത്തിലാണ് തീരുമാനം.
സിനിമയിലെ അശ്ലീല ഭാഷാ പ്രയോഗത്തെ സന്ദർഭവുമായി ചേർത്ത് പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പൊലീസിന്റെ പ്രത്യേക സംഘം അറിയിച്ചു. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചുരുളി സിനിമ കണ്ട് റിപ്പോർട്ട് നൽകുക.
ചുരുളി പൊതു ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വിൽ നിന്നും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങൾ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
തുടർന്ന് സിനിമ കണ്ട് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എഡിജിപി പദ്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിൻ എ.സി.പി എ നസീമ എന്നിവരാണ് റിപ്പോർട്ട് സമർപ്പിക്കാൻ റിപ്പോർട്ട് സമർപ്പിക്കാൻ സിനിമ കാണുക. ഇവർ സിനിമ കണ്ടതിന് ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും.