ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 2,30,000 ത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച ചേർന്ന കൊവിഡ് അവലോകന യോഗത്തിലെ നിർദേശങ്ങൾ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും.
ദേശീയ ലോക്ക്ഡൗൺ അജണ്ടയിലില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. യുപിയിൽ 13000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലും ദില്ലിയിലും പ്രതിദിന രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. മഹാരാഷ്ട്രയിൽ 46,723 പേരും ദില്ലിയിൽ 27,561പേരും രോഗബാധിതരായി. ദില്ലിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു.
തമിഴ്നാട്ടിൽ ഇന്നലെ 17934 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 7372 പുതിയ രോഗികളുണ്ട്.19 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ്മരണം 36905 ആയി. ചെന്നൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.3% ആണ്. സംസ്ഥാനത്തെ ടിപിആർ 11.3% ആയി ഉയർന്നു.
നാളെ പൊങ്കൽ ഉത്സവം തുടങ്ങാനിരിക്കെ സാമൂഹിക നിയന്ത്രണം ഉറപ്പാക്കാൻ 16000 പൊലീസുകാരെയാണ് ചെന്നെയിൽ മാത്രം വിന്യസിക്കുന്നത്. വ്യാപാര കേന്ദ്രങ്ങളിൽ തിരക്ക് വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടനൽകുന്നുണ്ട്. രാത്രി കർഫ്യൂ അടക്കം നിയന്ത്രണങ്ങൾ തുടരുകയാണ്.