സിൽവർ ലൈൻ ഡി പി ആർ അവകാശ ലംഘന വിഷയമായി സ്‌പീക്കറുടെ മുന്നിൽ. ഡി പി ആർ ലഭ്യമാക്കണെമെന്ന് ആവശ്യപ്പെട്ട് സ്‌പീക്കർക്ക് അൻവർ സാദത്ത് എം എൽ എ കത്ത് നൽകി. ഒക്ടോബർ 27 ന് മുഖ്യമന്ത്രി നൽകിയ മറുപടിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് പരാതി.
സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു.
വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണം. ഡി പി ആർ പുറത്തുവിടണമെന്ന് ആവശ്യവുമായി നിരവധി വിവാദങ്ങൾ പുറത്ത് വന്നിരുന്നു. സിപിഐ അടക്കമുള്ള പാർട്ടികൾ ഡി പി ആർ പുറത്തുവിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.
ഒടുവിൽ നടന്ന ജനസമ്പർക പരിപാടിയിലും ഡി പി ആർ പുറത്തുവിടാൻ സാധിക്കില്ല എന്നാണ് കെ റെയിൽ അധികൃതർ പറഞ്ഞത്. ഇതിനൊരു തുടർച്ച എന്ന തരത്തിലാണ് അൻവർ സാദത്ത് എം എൽ എ സ്‌പീക്കറെ സമീപിച്ചിരിക്കുന്നത്.
അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു. കണ്ണൂർ മാടായിപ്പാറയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.