ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാസമ്മേളനം 15-ന് പെരളശ്ശേരിയിൽ നടക്കും. രാവിലെ 10-ന് ബിഗ്ഡേ ഓഡിറ്റോറിയത്തിൽ കെ.വി. സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് എം.വി. രമേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
എഴുത്തുഫീസ് കാലാനുസൃതമായി പരിഷ്കരിക്കുക, ക്ഷേമനിധി പ്രവർത്തനം കാര്യക്ഷമമാക്കുക, ഭൂമിയുടെ ന്യായവിലയിലെ അപാകം പരിഹരിച്ച് ശാസ്ത്രീയമായി പരിഷ്കരിക്കുക തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്യും. ആധാരം സ്വയംതയ്യാറാക്കാമെന്ന നിയമം ജനങ്ങൾക്കുവേണ്ടിയുള്ളതല്ലെന്നും മറ്റ് ഏജൻസികൾക്ക് ഈ മേഖലയിലേക്ക് കടന്നുവരാൻ വഴിയൊരുക്കുന്നതാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണം നടക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരൻ മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11.30-ന് നടക്കുന്ന പ്രതിനിധി സമ്മേളനം കെ.പി. മോഹനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5.30-ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റി അംഗം എ. സജീവൻ, സ്വാഗതസംഘം ചെയർമാൻ എം.ടി. സുരേശൻ, ജനറൽ കൺവീനർ വി. മനോജിത്ത് എന്നിവരും പങ്കെടുത്തു.
ആധാരമെഴുത്ത് ഓഫീസുകൾക്ക് നാളെ അവധി
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷൻ ജില്ലാസമ്മേളനം നടക്കുന്നതിനാൽ ശനിയാഴ്ച ജില്ലയിലെ എല്ലാ ആധാരം എഴുത്ത് ഓഫീസുകളും അവധിയായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Mediawings: