ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചകൾക്കായി ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും. സ്ഥാനാർഥിത്വം, പ്രചാരണം, ഉയർത്തേണ്ട വിഷയങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യും. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന യോഗത്തിനുശേഷം ഉത്തർപ്രദേശിലെ കൂടുതൽ സീറ്റുകളിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. സഖ്യകക്ഷിയായ നിഷാദ് പാർട്ടി , അനുപ്രിയ പട്ടേലിന്റെ അപ്നാ ദൾ പാർട്ടിയുമായി അന്തിമഘട്ടസീറ്റ് നിർണയ ചർച്ചകൾ ബിജെപി നടത്തും.
സമാജ് വാദി പാർട്ടിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനമായ സൗജന്യ വൈദ്യുതിയുടെ രജിസ്ട്രേഷനും ഇന്ന് ആരംഭിക്കും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കാൻ പേര് രജിസ്റ്റർ ചെയ്യുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുന്നത്. ഉത്തരാഖണ്ഡിലെ ബിജെപിയുടെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടാകും.
അതേസമയം, പാര്‍ട്ടി വിട്ട് പോകാനൊരുങ്ങുന്ന നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയാണ് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേക്കേറാനൊരുങ്ങിയ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സരിത ആര്യയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
പുറത്താക്കല്‍ നടപടിക്ക് പിന്നാലെ സരിത ബിജെപിയില്‍ പ്രവേശിച്ച് തിരിച്ചടി നല്കി. ഡെറാഡൂണിലെ പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് സരിത ബിജെപിയില്‍ പ്രവേശിച്ചത്. നൈനിറ്റാള്‍ മണ്ഡലത്തെച്ചൊല്ലിയുള്ള സീറ്റ് തര്‍ക്കത്തെത്തുടര്‍ന്നാണ് ഇവര്‍ കോണ്‍ഗ്രസുമായി ഇടഞ്ഞത്.