കൊല്ലം: ഉത്രകൊലക്കേസിനെ ആധാരമാക്കി ശാസ്ത്ര പ്രബന്ധം തയ്യാറാക്കുന്നു. കേരള പൊലീസാണ് ഇതിന് മുന്‍കൈ എടുത്തിട്ടുള്ളത്. കേസിലെ പ്രധാന സാക്ഷികളിലൊരാളും മഹീന്ദ്ര വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന് ചെയര്‍മാനുമായ മവീഷും അന്വേഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന വിദഗ്ധസമിതിയിലെ അംഗങ്ങളും ചേര്‍ന്നാണ് പ്രബന്ധം തയ്യാറാക്കുന്നത്.
ഇതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വ്യാപകമായി അറിയേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമായ വിഷയമാണെന്നും അതിനാല്‍ ഏതെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണലില്‍ പ്രബന്ധം പ്രസിദ്ധീകരിക്കുന്നതായിരിക്കും ഉചിതമെന്നുമാണ് പിന്നണി പ്രവര്‍ത്തകരുടെ കണക്കുകൂട്ടല്‍. ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നെന്നാണ് പൊലീസ് കേസ്സ്. സൂരജ് റിമാന്റിലാണ്. ഈ കേസ്സില്‍ നിര്‍ണ്ണയകമായത് ഡമ്മിപരീക്ഷണമായിരുന്നു. ഇതാണ് പ്രബന്ധം തയ്യാറാക്കുന്നതിന് മുന്‍കൈ എടുക്കാന്‍ പൊലീസിന് പ്രചോദനമായത്.
അറിയപ്പെടുന്ന ഹെപ്പറ്റോളജിസ്റ്റാണ് (ഉരഗങ്ങളെക്കുറിച്ച് പഠിക്കുന്നയാള്‍) മവീഷ്. യു.എ.ഇ.യിലെ അക്വാറ്റിക് ടീമില്‍ സുവോളജിസ്റ്റുമാണ്. മംഗളൂരു സര്‍വകലാശാലയില്‍നിന്ന് എം.എസ് സി. എര്‍ത്ത് സയന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്റില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. 9 വയസ്സുമുതല്‍ വിഷപാമ്പുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതും ഈ രംഗത്തുള്ള ഇതുവരെയുള്ള പ്രാഗത്ഭ്യവുമാണ് മവീഷിന് ഡമ്മീപരീക്ഷണത്തില് പങ്കാളിയാവുന്നതിന് തുണയായത്.
പിതാവ് മഹേന്ദ്ര നടത്തിയിരുന്ന സര്‍പ്പയജ്ഞങ്ങളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോൾ മുതല്‍ മവീഷ് പങ്കെടുത്തിട്ടുണ്ട്. വേനല്‍ക്കാല അവധി സമയങ്ങളില്‍ വിദേശ രാജ്യങ്ങളിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി നടന്ന പിതാവിന്റെ സര്‍പ്പയജ്ഞ പരിപാടികളില്‍ പങ്കാളിയായിരുന്നു. വളര്‍ന്നപ്പോള്‍ പക്ഷികളും മൃഗങ്ങളും എല്ലാം ഇഷ്ടക്കാരായി. പഠനവും ആ വഴിക്കായി. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ എന്‍വോയ്മെന്റ് സയന്‍സില്‍ ഒരുവര്‍ഷം അസിസ്റ്റന്റ് പ്രൊഫസ്സറായി ജോലി ചെയ്തിട്ടുമുണ്ട്.
നേപ്പാളിലും ഗള്‍ഫിലും ഈ മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ ചെയ്തിട്ടുമുണ്ട്. വനംവകുപ്പിന് കീഴില്‍ പാമ്പുപിടുത്തത്തിന് ലൈസന്‍സ് നേടിയവരില്‍ വലിയൊരു വിഭാഗത്തിന് പാമ്പുപിടുത്തത്തില്‍ പരിശീനം നല്കിയതും മവീഷാണ്. വിഷ പാമ്പു കളുമായി ഇടപഴകാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങളായിട്ടും ഇതുവരെ കടിയേല്ക്കാത്ത പ്രവര്‍ത്തി പരിചയവും ഡമ്മിപരീക്ഷണിന്റെ ചുമതല മവീഷിന്റെ ചുമലില്‍ വന്നുചേരുന്നതിന് കാരണമായി.
ഇത്തരത്തിലൊരു ഡമ്മി പരീക്ഷണം മുമ്പ് എവിടെയെങ്കിലും നടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. വനംവകുപ്പിന്റെ അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരാഴ്ചയുടെ ഇടവേളയില്‍ രണ്ട് ഘട്ടമായിട്ടാണ് ഡമ്മി പരീക്ഷണം നടന്നത്. ഉത്ര കിടന്നിരുന്ന മുറി അതെപടി സെറ്റിടുകയായിരുന്നു. ആദ്യഘട്ട പരീക്ഷണം ഏകദേശം 4 മണിക്കൂറോളം നീണ്ടുനിന്നു. ഈ പരീക്ഷണഫലങ്ങള്‍ അത്യപൂര്‍വ്വമായ ഈ കൊലക്കേസ്സില്‍ സൂരജിന്റെ പങ്കുറപ്പിക്കുന്ന പ്രധാനഘടകമായി. പൊലീസിന് പുറമെ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും ഡമ്മി പരീക്ഷണത്തിന് സാക്ഷികളായിരുന്നു.
അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന അന്നത്തെ കൊല്ലം എസ് പി ഹരിശങ്കര്‍, സംഘാംഗങ്ങളായ ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അശോകന് ഏ സി എഫ് അന്‍വര്‍ ,പുനലൂര്‍ തഹസീല്‍ദാര്‍ എന്നിവരാണ് പരീക്ഷണത്തിന് സാക്ഷികളായവരില്‍ പ്രമുഖര്‍.പരീക്ഷണത്തിന് പാമ്പുകളെ എത്തിച്ചതും ഇവയെ ഉപയോഗിച്ച് പരീക്ഷണത്തിന് നേതൃത്വം നല്കിയതും മവീഷാണ്.പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം വനംവകുപ്പ് മവീഷിന് ഡമ്മി പരീക്ഷണത്തിന് അനുമതി നല്‍കുകയായിരുന്നു.