നടിയെ അക്രമിച്ചക്കേസിൽ തുടരന്വേഷണത്തിന് വിചാരണ കോടതി അനുവദിച്ച സമയം ഇന്നവസാനിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ കൈവശമുള്ള ദൃശ്യങ്ങൾ കോടതിയിൽ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹരജി നൽകിയിട്ടുണ്ട്. ഇതും ഇന്ന് പരിഗണിക്കും.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അഞ്ചു പുതിയ സാക്ഷികളെ വിസ്തരിക്കുന്നതിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.
തുടരന്വേഷണത്തിന്റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹർജി നൽകിയിട്ടുണ്ട്. തന്നെ ചോദ്യം ചെയ്യുന്നത് അഭിഭാഷകൻറെ സാന്നിദ്ധ്യത്തിൽ വേണം എന്ന് സുനിൽ കോടതിയോട് അഭ്യർഥിച്ചിട്ടുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആറ് പ്രതികളെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. ആലുവയിലെ വ്യവസായി ശരത് ആണ് ആറാം പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കുന്നുണ്ട്.
ദിലീപിന്റെ വീട്ടിൽ നവംബർ 15 ന് നടത്തിയ ഗൂഢാലോചനയിൽ പങ്കാളിയായ ആറാം പ്രതി ആലുവയിലെ വ്യവസായി ശരത് ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയിൽ അഞ്ച് പേരുകൾ ഉണ്ടായിരുന്നു. ആറാമാൻ വിഐപിയെ പോലെ പെരുമാറിയ വ്യക്തിയാണെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ആറാമന്റെ റെക്കോർഡ് ചെയ്ത ശബ്ദം ശരത്തിന്റെതാണെന്ന് ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞു. ശബ്ദം ശരത്തിന്റെതാണെന്ന് സുഹൃത്തുകളും സ്ഥിരീകരിച്ചിട്ടുണ്ട്.