കാസര്‍ഗോഡ് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കിയ ഉത്തരവ് പിന്‍വലിച്ചു

കാസര്‍ഗോഡ് ജില്ലയിലെ പൊതുപരിപാടികള്‍ വിലക്കിയുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പിന്‍വലിച്ചു.ഉത്തരവിറക്കി മൂന്ന് മണിക്കൂറിനുള്ളിലാണ് കളക്ടറുടെ നടപടി. ജില്ലയില്‍ ഇന്ന് 36.6 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആകെ പരിശോധന നടത്തിയ 3098 പേരില്‍ 1135 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

അതേസമയം ഇന്നാണ് സിപിഐഎം ജില്ലാ സമ്മേളനം കാസര്‍ഗോഡ് ആരംഭിക്കുന്നത്. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ സമ്മേളനം അനിശ്ചിത്വത്തിലായിരുന്നു. ജില്ലയില്‍ കൊവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ആള്‍ക്കൂട്ടം അനുവദിച്ചുകൊണ്ടുള്ള എല്ലാ പൊതുപരിപാടികളും ജില്ലയില്‍ നിരോധിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഇന്ന് ചേര്‍ന്ന് കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. അമേരിക്കയില്‍ ചികിത്സയില്‍ തുടരുന്ന മുഖ്യമന്ത്രി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്ത് കൊവിഡ് വ്യാപന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ലോക്ഡൗണിനുസമാനമായ അടച്ചിടലുണ്ടാകും. അതേസമയം രാത്രികാല നിയന്ത്രണം തത്ക്കാലം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി.

സ്‌കൂളുകള്‍ പൂര്‍ണമായും അടയ്ക്കില്ല. 10,11,12 ക്ലാസുകള്‍ മാത്രം ഓഫ്ലൈനായി തന്നെ തുടരും. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പരമാവധി പങ്കെടുക്കാവുന്നവരുടെ എണ്ണം 20 ആയി ചുരുക്കി. ജില്ലകളെ രണ്ട് മേഖലകളായി തിരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായി.

spot_img

Related Articles

Latest news