തിരുവനന്തപുരം കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. ശരീരത്തിലുണ്ടായ ആഴമേറിയ മുറിവുകളാണ് മരണ കാരണമായത്. 12 ഓളം മുറിവുകൾ അജികുമാറിന്റെ ശരീരത്തിലുണ്ടായിരുന്നു.
ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം നടന്ന അപകടങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചിരുന്നു. മരിച്ചവർ അജികുമാറിന്റെ സുഹൃത്തുക്കളാണ്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ കസ്റ്റഡിയിലെടുത്തു പൊലിസ് ചോദ്യം ചെയ്തു.
അജികുമാറിന്റെ സുഹൃത്തുക്കളായ അജിത്ത് ഇന്നലെ നടന്ന അപകടത്തിൽ മരിച്ചിരുന്നു. പിക്കപ്പ് വാൻ ഇടിച്ചാണ് മുള്ളറംകോട് സ്വദേശി അജിത് (29) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രമോദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരേയും റോഡിലൂടെ നടന്നു പോകുമ്പോൾ പിക്കപ്പ് ഇടിക്കുകയായിരുന്നു.
പിക്കപ്പ് ഓടിച്ച സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർക്കാർ ജീവനക്കാരനായ അജികുമാറും, അപകടത്തിൽ മരിച്ച അജിത്തും, ആശുപത്രിയിലുള്ള പ്രമോദും, വാഹനമോടിച്ച സജീവും സുഹ്യത്തുക്കളാണ്.
ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കല്ലമ്പലത്ത് സർക്കാർ ജീവനക്കാരനായ അജികുമാറിനെ (49) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി പിരിഞ്ഞ് വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു അജികുമാർ. ആലപ്പുഴ പി.ഡബ്ല്യു.ഡി.യിൽ ഹെഡ് ക്ലർക്കാണ് അജികുമാർ. ശരീരത്തിൽ മുറിപ്പാടുകളും, മൃതദേഹത്തിന് സമീപം രക്തം തളംകെട്ടിക്കിടന്നിരുന്നു.