സൗദിയിലേക്കുള്ള യാത്രാ നിബന്ധനകൾ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയിൽ നടത്തിയ കൊവിഡ് ആർടി പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിർദേശം. സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. ഫെബ്രുവരി 9-നു പുതിയ നിയമം പ്രാബല്യത്തിൽ വരും.
സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകിളും ഉൾപ്പെടെയുള്ള എല്ലാവരും 48 മണിക്കൂറിനിടെയിൽ നടത്തിയ കൊവിഡ് പി.സി.ആർ പരിശോധന റിപോർട്ട് കൈവശം വയ്ക്കണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദേശം. 8 വയസിനു താഴെ പ്രായമുള്ളവർക്ക് കൊവിഡ് പരിശോധന ആവശ്യമില്ല.
72 മണിക്കൂറിനിടയിലെ കൊവിഡ് പരിശോധന എന്ന നേരത്തെയുണ്ടായിരുന്ന നിർദേശമാണ് ഇപ്പോൾ 48 മണിക്കൂറാക്കി കുറച്ചിരിക്കുന്നത്. ഫെബ്രുവരി 9 പുലർച്ചെ 1 മണി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അതേസമയം സൗദിയിൽ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാർ കൊവിഡ് വാക്സിന്റെ 2 ഡോസ് എടുത്ത് 3 മാസം പൂർത്തിയായവരാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിർദേശിച്ചു. 16 വയസിന് താഴെ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമില്ല. വാക്സിൻ എടുക്കുന്നതിൽ ആരോഗ്യ വകുപ്പ് ഇളവ് നൽകിയവരെയും ഈ നിബന്ധനയിൽ നിന്നും ഒഴിവാക്കി.
18 വയസ് മുതൽ പ്രായമുള്ളവർക്ക് പൊതുയിടങ്ങളിൽ പ്രവേശിക്കാൻ ബൂസ്റ്റർ ഡോസ് എടുക്കൽ കഴിഞ്ഞ ഒന്നാം തിയതി മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസങ്ങൾക്ക് ശേഷമാണ് ഈ നിബന്ധന ബാധകമാകുക.