അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തോറ്റ ഇന്ത്യക്ക് ഇന്ന് മുതല്‍ വിന്‍ഡീസ് വെല്ലുവിളി. ഇന്ത്യ-വിന്‍ഡീസ് മൂന്ന് മല്‍സര ഏകദിന പരമ്പരക്ക് ഇന്നിവിടെ തുടക്കമാവുമ്പോള്‍ സമ്മര്‍ദ്ദം പുതിയ നായകന്‍ രോഹിത് ശര്‍മയില്‍ തന്നെ.
ഇന്നത്തെ ഇന്ത്യന്‍ അങ്കത്തിന് വലിയ ചരിത്രവുമുണ്ട്. ഇന്ത്യ കളിക്കുന്ന 1000-ാമത് ഏകദിനമാണ് ഇന്ന്. മറ്റൊരു ടീമും ഇത്രയും ഏകദിനങ്ങള്‍ കളിച്ചിട്ടില്ല. വിരാത് കോലിയുടെ പിന്‍ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം രോഹിത് ടീമിനെ ഔദ്യോഗികമായി നയിക്കുന്ന ആദ്യ ഏകദിന പരമ്പര ഇതാണ്.
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലേക്കുള്ള നായകനായി അദ്ദേഹത്തെ പ്രഖ്യാപിച്ചുവെങ്കിലും പേശീവലിവ് മൂലം കളിക്കാനായിരുന്നില്ല. കെ.എല്‍ രാഹുലായിരുന്നു പകരം ടീമിനെ നയിച്ചത്. മൂന്ന് മല്‍സരങ്ങളിലും ടീം തകര്‍ന്നു. അഹമ്മദാബാദിലെ പുത്തന്‍ മോദി സ്‌റ്റേഡിയത്തില്‍ കാണികളെ കൂടാതെയാണ് ഇന്നത്തെ പകല്‍ രാത്രി മല്‍സരം.
ടീമിന് കോവിഡ് ആലസ്യമുണ്ട്. പരമ്പരക്ക് തൊട്ട് മുമ്പായി നാല് താരങ്ങള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കാണ് കോവിഡ് ബാധയേറ്റത്. ശിഖര്‍ ധവാന്‍, ശ്രേയാംസ് അയ്യര്‍ ഉള്‍പ്പെടെയുള്ള ബാറ്റര്‍മാരുടെ സേവനം ഇന്നില്ല. സഹോദരിയുടെ വിവാഹം കാരണം കെ.എല്‍ രാഹുലും ഇന്ന് കളിക്കുന്നില്ല.
രോഹിത് ശര്‍മക്കൊപ്പം ഇന്നിംഗ്‌സ് തുടക്കമിടുക അദ്ദേഹത്തിന്റെ മുംബൈ പാര്‍ട്ണര്‍ ഇഷാന്‍ കിഷനായിരിക്കും. വിരാത് കോലി, ദീപക് ഹുഡ, റിഷാഭ് പന്ത് എന്നിവരാണ് ബാറ്റര്‍മാരില്‍ ആരോഗ്യവാന്മാര്‍. ബൗളിംഗില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചതിനാല്‍ മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരായിരിക്കും പുതിയ പന്ത് എടുക്കുക. സ്പിന്നര്‍മാരായി യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരുണ്ടാവും.
അയര്‍ലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ നാടകീയമായി തകര്‍ന്നുവെങ്കിലും പിറകെ ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ തകര്‍പ്പന്‍ പ്രകടന പിന്‍ബലത്തിലാണ് മൂന്ന് നാള്‍ മുമ്പ് കരിബീയന്‍ സംഘം അഹമ്മദാബാദിലെത്തിയത്. യുവ ബാറ്റര്‍മാരാണ് ടീമിന്റെ ശക്തി. എല്ലാവരും കൂറ്റനടിക്കാര്‍. നായകന്‍ കിരണ്‍ പൊലാര്‍ഡിനൊപ്പം ഡാരന്‍ ബ്രാവോ, ഷെംറെ ബ്രുക്‌സ്, ഷായ് ഹോപ് തുടങ്ങിയവരാണുള്ളത്.