പ്രതിഷേധങ്ങൾക്കിടെ ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങി

ലോകായുക്ത ഓര്‍ഡിനന്‍സ് പുറത്തിറങ്ങി. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഇന്നലെ രാവിലെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചത്. ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷവും ബിജെപിയും വിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വവും ഇന്ന് രംഗത്തെത്തി. ലോകായുക്ത നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. ആദ്യ വട്ടം ഗവര്‍ണര്‍ ഒപ്പിടാതെ ഓര്‍ഡിനന്‍സ് തിരിച്ചയക്കണമായിരുന്നെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അതിനിടെ യുഡിഎഫ് ഭരണത്തില്‍ വന്നാല്‍ ലോകായുക്തയ്ക്ക് അധികാരം തിരികെ നല്‍കുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ലോകായുക്തയുടെ പല്ലും നഖവും പറിച്ചുകളഞ്ഞ് ഉപദേശക സമിതിയാക്കി മാറ്റിയെന്ന് കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ഓര്‍ഡിനന്‍സിനെതിരെ സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ അത് നിയമസഭയില്‍ പ്രകടിപ്പിക്കണം. നിലവിലെ സംവിധാനം കൊണ്ട് ഇനി വലിയ കാര്യമുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഓര്‍ഡിനന്‍സിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടന്നത് കൊടുക്കല്‍ വാങ്ങലാണ്. ഗവര്‍ണര്‍ സര്‍ക്കാരിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുടപിടിച്ചു. പ്രതിപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച്

മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്. ഇതോടെ പൊതുപ്രവര്‍ത്തകര്‍ക്കെതിരായ ലോകായുക്ത വിധി ഇനി സര്‍ക്കാരിന് തളളാം. ഭരണകക്ഷിയില്‍ ഉള്‍പ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിര്‍ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവര്‍ണറുടെ തീരുമാനം.ഇത് സര്‍ക്കാരിന് വലിയ ആശ്വാസം നല്‍കുന്ന നടപടി ആണ്.

spot_img

Related Articles

Latest news