റിയാദ്: ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഒഴിവാക്കിയ നടപടി പ്രവാസികള്‍ക്ക് ഏറെ ആശ്വാസം
ഫെബ്രുവരി പതിനാല് മുതല്‍ പ്രവാസികള്‍ക്ക് ആര്.ടി.പി.സി.ആര് ടെസ്റ്റിന് പകരം അവരുടെ വാക്സിന് സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം കരുതുന്നതോടൊപ്പം എയര്‍ സുവിധയിലും അപ്ലോഡ് ചെയ്താല്‍ മതിയാകും. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദേശത്തിലാണ് പ്രവാസികള്‍ക്കടക്കം ആശ്വാസം പകരുന്ന പുതിയ നടപടികള്‍ പ്രഖ്യാപിച്ചത്.
സഊദിക്ക് പുറമെ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവരും കൊവിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റ് നല്കിയാല് മതി. നിലവില്‍ 82 രാജ്യങ്ങളാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതേസമയം, യു എ ഇയും കുവൈതും ലിസ്റ്റില്‍ ഇടം നേടിയിട്ടില്ല. അതിനാല്‍ ഇവിടങ്ങളില്‍ നിന്നുള്ളവര്‍ നാട്ടിലേക്ക് പോകുമ്ബോള്‍ 72 മണിക്കൂര്‍ ഉള്ളിലുള്ള ആര്‍ടിപിസിആര്‍ കരുതണം.
വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കുന്നതില്‍ ഇന്ത്യയുമായി പരസ്പര ധാരണയിലെത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിനുകള്‍ നല്കുന്ന രാജ്യങ്ങള്‍ക്കും ഇന്ത്യക്കാര്‍ക്ക് ക്വാറന്റീന് ഇല്ലാതെ പ്രവേശനം അനുവദിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ആനുകൂല്യം ലഭ്യമാകുക.
പുതിയ ഇളവുകള്‍, മരണം പോലുള്ള അടിയന്തിര ആവശ്യങ്ങള്‍ക്കായി യാത്ര തിരിക്കുന്നവര്‍ക്ക് ഏറെ ആശ്വാസം നല്‍കും. നിലവിലെ 72 മണിക്കൂര്‍ ഉള്ളിലെ സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നതിനാല്‍ മരണം പോലുള്ള ആവശ്യങ്ങള്‍ക്കായി ഉടനടിയുള്ള യാത്രക്ക് ഒരുങ്ങാന്‍ പ്രവാസികള്‍ക്ക് സാധിച്ചിരുന്നില്ല. പരിശോധനക്കായി സാമ്ബിള്‍ കൊടുത്ത് ചുരുങ്ങിയത് 12 മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷമേ സാധാരണയായി റിസള്‍ട്ട് ലഭിക്കാറുള്ളൂ. അതിനാല്‍ പെട്ടെന്നുള്ള യാത്ര സാധ്യമായിരുന്നില്ല.