കക്കാടംപൊയിലിലെ വിവാദ റോപ് വേ പൊളിച്ചു തുടങ്ങി

നിലമ്പൂർ കക്കാടംപൊയിലിൽ എം.എൽ.എ പിവി അൻവറിൻ്റെ ഭാര്യപിതാവിന്റെ ഉടമസ്ഥയിലുള്ള ഭൂമിയിലെ റോപ് വേ പൊളിക്കുന്ന നടപടികൾ ആരംഭിച്ചു. ഊർങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ.

അനുമതിയില്ലാതെ കെട്ടിയ റോപ് വേ പൊളിച്ചു നീക്കാൻ നേരെത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിർദേശിച്ചിരുന്നു.

2015-16 കാലയളവിലാണ് കക്കാടംപൊയിലിൽ പി വി അൻവർ തടയണകൾ നിർമ്മിച്ചത്. ഇതിന് കുറുകെയാണ് റോപ് വെയും നിർമ്മിച്ചത്. അനുമതിയില്ലാതെയാണ് നടപടികളെന്ന പ്രദേശവാസികളുടെ പരാതിയിലാണ് ഇപ്പോഴത്തെ നടപടികൾ.

നേരത്തെ, റസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലി വിവാദ തടയണക്ക് കുറുകെ പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവ് സി കെ അബ്ദുൾ ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ ജനുവരി 25ന് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ ഉത്തരവ് നല്‍കിയിരുന്നു.

എന്നാൽ, രണ്ടാം തവണയും നടപടികൾ വൈകിയിരിക്കുകയാണ്. മുമ്പ്, അനധികൃതനിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി നവംബര്‍ 30ന് റിപ്പോര്‍ട്ട് ചെയ്യാനാണ് സെപ്റ്റംബർ 22ന് ഓംബുഡ്‌സ്മാന്‍ ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ ഉത്തരവ് നടപ്പാക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തുമെന്ന മുന്നറിയിപ്പും നൽകിയത്. ഓംബുഡ്‌സ്മാന്‍ ഉത്തരവ് ലഭിക്കാന്‍ കാലതാമസമുണ്ടായെന്നും സി കെ അബ്ദുൾ ലത്തീഫിന് അയച്ച ആദ്യ രണ്ടു നോട്ടീസും മേല്‍വിലാസക്കാരനില്ലെന്നു പറഞ്ഞ് മടങ്ങുകയായിരുന്നു.

spot_img

Related Articles

Latest news