നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവും ഇന്നാണ്. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ 7 മണി മുതലാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത സുരക്ഷാ സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
ഗോവയിൽ അഭിപ്രായ സർവ്വേകൾ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിൻ്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം.
പക്ഷേ, തൃണമൂല്‍ കോൺഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാർട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും നിർണായകമായിരിക്കും.
തീരദേശത്ത് ബിജെപിയെ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പനാജി നിയമസഭാ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്.
പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്ഥാന മുഖ്യമന്ത്രിയായിരുന്നു. മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറും ബിജെപിക്കെതിരെ പിതാവിന്റെ പനാജി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. പനാജിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു.
യു പി യിൽ586 സ്ഥാനാർത്ഥികളുടെ രാഷ്ട്രീയ ഭാവിയാണ് ഇന്ന് നിശ്ചയിക്കപ്പെടുക. സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന ഷാജഹാൻപൂർ മണ്ഡലത്തിൽ നിന്നും മുഹമ്മദ് അസം ഖാൻ റാം പൂർ മണ്ഡലത്തിൽ നിന്നും ധരം സിംഗ് സൈനി നകുഡ് നിയമസഭാമണ്ഡലത്തിൽ നിന്നും ഈ ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നു. ജലവിഭവ മന്ത്രി ബൽ ദേവ് സിംഗ് ഔലാക്ക് വിദ്യാഭ്യാസമന്ത്രി ഗുലാബ് ദേവി, തദ്ദേശ സ്വയം ഭരണമന്ത്രി മഹേഷ് ചന്ദ്ര ഗുപ്ത എന്നിവരും രണ്ടാം ഘട്ടത്തിലാണ് തെഞ്ഞെടുപ്പിനെ നേരിടുന്നത്.
ഉത്തർ പ്രദേശിൽ ഏഴ് ഘട്ടങ്ങളിൽ ആയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം. യുപിയിലെ 11 ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. ശ്രീകാന്ത് ശർമ്മ, സുരേഷ് റാണ, സന്ദീപ് സിംഗ്, കപിൽ ദേവ് അഗർവാൾ, അതുൽ ഗാർഗ്, ചൗധരി ലക്ഷ്മി നരേൻ തുടങ്ങിയ മന്ത്രിമാർ വിധി ആദ്യഘട്ടത്തിൽ ജനവിധി തേടി.