കണ്ണൂർ ജില്ലയിലെ ഏക സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ മാങ്ങാട്ടുപറമ്പ് ആശുപത്രിയിൽ പീഡിയാട്രിക് ഐസിയു സ്ഥാപിക്കാൻ 29.5 ലക്ഷം രൂപയുടെ ഭരണാനുമതിയായി.തളിപ്പറമ്പ് എം.എൽ.എ ശ്രീ എം.വി ഗോവിന്ദൻ മാസ്റ്ററുടെ 2021-22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്.
ആഴ്ചയിൽ ആറ് ദിവസവും പീഡിയാട്രിക് ഒപി സൗകര്യവും, പന്ത്രണ്ട് കിടക്കകളോടുകൂടിയ പീഡിയാട്രിക് വാർഡും, പന്ത്രണ്ട് നവജാത ശിശുക്കളെ കിടത്താവുന്ന എസ്എൻസിയു സൗകര്യവും നിലവിലുണ്ട്. എന്നാൽ പീഡിയാട്രിക് ഐസിയു സൗകര്യം ലഭ്യമായിരുന്നില്ല.
ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട് നേരത്തെ ശ്രീ ഗോവിന്ദൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ അവലോകനം യോഗം ചേർന്ന് ആശുപത്രി വികസനം സംബന്ധിച്ച് ചർച്ച ചെയ്തിരുന്നു. ആശുപത്രിയിലെ സി ബ്ലോക്കിലെ രണ്ടാം നിലയിലാണ് 4 ബെഡോടുകൂടിയ പീഡിയാട്രിക് ഐ സി യു സൗകര്യം ഒരുക്കുക. നിലവിൽ അഞ്ച് പീഡിയാട്രീഷൻമാരുടെ സേവനം ആശുപത്രിയിൽ ലഭ്യമാണ്.
ആശുപത്രിയിൽ പുതിയ കാഷ്വാലിറ്റി ബ്ലോക്ക് കെട്ടിട നിർമ്മാണം, അഗ്നി സുരക്ഷാ സംവിധാനം സ്ഥാപിക്കൽ, പവർ സ്റ്റേഷൻ നിർമ്മാണം, പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ,പുതിയ ജനറേറ്ററും, ജനറേറ്റർ റൂം എന്നിവ സ്ഥാപിക്കൽ, ഓഫീസ് നവീകരണം, തുടങ്ങി 7.62 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിൽ നടന്നു കൊണ്ടിരിക്കുകയാണ്.