മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്ഷന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് തുടരുന്നു. പെന്ഷന് നിര്‍ത്തലാക്കില്ലെന്ന് സി പി ഐ എം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതേ നിലപാട് തന്നെയാണ് പ്രതിപക്ഷത്തിനും.
പെന്‍ഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇന്നു ചീഫ് സെക്രട്ടറി രാജ്ഭവനില്‍ എത്തിച്ചേക്കും. പരിശോധിച്ച ശേഷം ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ടീയ കേരളം.
അതേസമയം നാളെ മുതല്‍ നിയമസഭയില്‍ ആരംഭിക്കുന്ന നന്ദി പ്രമേയ ചര്‍ച്ചയിലും പ്രധാന വിഷയം ഗവര്‍ണറുടെ നിലപാടാകും. സിപിഐഎമ്മിന്റെ മൃദു സമീപനത്തിനെതിരെ യു.ഡി.എഫ് രംഗത്തുവരും. സി.പി.ഐയുടെ നിലപാടും നിര്‍ണായകമാകും.
പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ പെന്ഷന് തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇന്നലെ നിലപാട് വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെന്ഷന് കാലങ്ങളായി തുടര്‍ന്ന് പോരുന്നുണ്ട്. 1984 മുതല്‍ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്‍കുന്നുണ്ട്.
കാര്യങ്ങളറിയാനാണ് ഗവര്‍ണര്‍ ഫയല്‍ ചോദിച്ചതെങ്കില്‍ തെറ്റുപറയാനാകില്ല. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് എന്ത് നിലപാടാണ് ഉണ്ടാകുന്നതെന്നറിയാന്‍ ഒരു മാസം കാത്തിരിക്കാമെന്നും കോടിയേരി പ്രതികരിക്കുകയായിരുന്നു.
അതേസമയം ഗവര്‍ണറെ മാറ്റാന്‍ നിയമസഭയ്ക്ക് അധികാരം നല്‍കണമെന്ന് പൂഞ്ചി കമ്മീഷന് റിപ്പോര്‍ട്ടിനുള്ള മറുപടിയില്‍ കേരളം ശുപാര്‍ശ ചെയ്തു. ഗവര്‍ണര്‍ നിയമനം സര്‍ക്കാരുമായി ആലോചിച്ച് വേണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് സംസ്ഥാനത്തിന്റെ പരിഗണനയിലെത്തിയത്. പേഴ്സണല്‍ സ്റ്റാഫില്‍ പാര്‍ട്ടി റിക്രൂട്ട്മെന്റാണ് നടക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ ആരോപിച്ചത്.
രാജ്ഭവനെ നിയന്ത്രിക്കാന്‍ മറ്റാര്‍ക്കും അധികാരമില്ലെന്ന് ഗവര്‍ണര്‍ സൂചിപ്പിച്ചു. രാജ്ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാരിന് അതിന് യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.