തിരുവനന്തപുരം തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും. കസ്റ്റഡി മർദ്ദനം എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മജിസ്ട്രേറ്റിന്റെയും, സബ്കളക്റ്ററുടെയും നേതൃത്വത്തിലാകും ഇൻക്വസ്റ്റ് നടപടികൾ നടത്തുക. ഇൻക്വസ്റ്റ് നടപടികൾക്ക് ബന്ധുക്കളുടെ സാന്നിധ്യവുമുണ്ടാകും.
സുരേഷിന്റെ മരണം പോലീസ് മർദ്ദനത്തെ തുടർന്നാണെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ഇന്നലെ രാത്രി വരെ തിരുവല്ലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സുരേഷിനൊപ്പം പിടികൂടിയ മറ്റ് നാലു പ്രതികളെ ഓൺലൈൻ ആയി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിലാണ്. സംഭവത്തിൽ പൊലീസ് കംപ്ലെയിൻ്റ് അഅതോറിറ്റിയും പരിശോധന നടത്തും.
ഇന്നലെയാണ് തിരുവല്ലം ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. നെഞ്ചുവേദനയെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മരണവിവരം പുറത്തുവന്നതിനു പിന്നാലെ നാട്ടുകാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്. കസ്റ്റഡി മരണമാണെന്നാണ് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്.
ദമ്പതികളെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനിലേക്ക് ഇയാളെ കൊണ്ടുവന്നു. ഇന്ന് രാവിലെ 9 മണിയോടെ സുരേഷിന് ദേഹാസ്വസ്ഥ്യവും തളര്‍ച്ചയും ഉണ്ടായി. തുടര്‍ന്ന് ഇയാളെ ആദ്യം പൂന്തുറ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് പോകും വഴി ആരോഗ്യനില വഷളായതിനാല്‍ അനന്തപുരിയി സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി. പക്ഷേ, സുരേഷിനെ രക്ഷിക്കാനായില്ല.