യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഒരാഴ്ച പിന്നിടുമ്പോഴും അതിശക്തമായിത്തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍.
റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയമായ പരിഹാരമാണ് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
റഷ്യ ഉള്‍പ്പെടെയുള്ള എണ്ണ നിര്‍മാതാക്കളുടെ ഗ്രൂപ്പിന് അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ പശ്ചാത്തലത്തിലും പരിപൂര്‍ണ പിന്തുണ ഉറപ്പുനല്‍കുന്നതായും ഫോണ്‍ സംഭാഷണത്തിനിടെ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു. ഇരുരാജ്യങ്ങള്‍ക്കും സുരക്ഷയും സ്ഥിരതയും ഉറപ്പു വരുത്തുന്നതിനുള്ള ഏത് വിധത്തിലുള്ള മധ്യസ്ഥ നീക്കങ്ങള്‍ക്കും ഒരുക്കമാണെന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുടിനെ അറിയിച്ചിരിക്കുന്നത്.
അതേസമയം യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം തീവ്രമായി തന്നെ തുടരുന്ന പശ്ചാത്തലത്തില്‍ നടന്ന യുക്രൈന്‍-റഷ്യ രണ്ടാംഘട്ട സമാധാന ചര്‍ച്ചയില്‍ യുദ്ധമില്ലാ മാനുഷിക ഇടനാഴി സജ്ജമാക്കാന്‍ ധാരണയായി. യുദ്ധഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ചില മേഖലകള്‍ മാനുഷിക ഇടനാഴികളായി പ്രഖ്യാപിക്കാന്‍ ധാരണയായത്.
ഈ ഇടനാഴികളില്‍ സൈനിക നടപടികള്‍ നിര്‍ത്തിവെക്കുകയോ ഒഴിവാക്കുകയോ ചെയ്യുമെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. അടിസ്ഥാന സൗകര്യങ്ങളില്ലാതെ സംഘര്‍ഷ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനായുള്ള നീക്കങ്ങള്‍ സംബന്ധിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തി.
വെടിനിര്‍ത്തല്‍ സംബന്ധിച്ചും യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങളൊന്നും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞില്ല എന്നത് ലോകത്തിനാകെ നിരാശയുണ്ടാക്കി. വെടിനിര്‍ത്തലുള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ തീരുമാനമായില്ല.
രണ്ടാം വട്ടം ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടായിട്ടില്ലെന്നും യുക്രൈന്‍ പ്രതിനിധി പറയഞ്ഞു. ഇനി ചര്‍ച്ചകള്‍ക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.