യു എ ഇ : ദുബൈ 2022 ലെ റമദാനുമായി ബന്ധപ്പെട്ട ജോലി സമയം പ്രഖ്യാപിച്ച് യുഎഇ. പൊതു മേഖലാ സ്ഥാപനങ്ങളുടെ ജോലി സമയമാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിശുദ്ധ റമദാന് മാസം തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും യുഎഇ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം.
വെള്ളിയാഴ്ചകളില്‍, രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.
ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ യുഎഇ ഒരു പുതിയ പ്രവൃത്തി ആഴ്ചയിലേക്ക് മാറിയിരുന്നു. വെള്ളിയാഴ്ച പകുതി ദിവസം, ശനി, ഞായര്‍ എന്നിവയാണ് രാജ്യത്തെ പുതിയ വാരാന്ത്യം.
വിശുദ്ധ റമദാന് മാസത്തില്‍ വിശ്വാസികള്‍ പകല്‍ സമയത്ത് ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിനാല്‍ സ്കൂള്‍, ഓഫീസ് സമയങ്ങള്‍ കുറയ്ക്കാറുണ്ട്. മസ്ജിദുകള്‍ വൈകുന്നേരവും അര്‍ദ്ധരാത്രിക്ക് ശേഷമുള്ള പ്രാര്‍ത്ഥനകളുടെ സമയം നീട്ടുകയും ചെയ്യും.
ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഏപ്രില്‍ 2 ആണ് റമദാനിന്റെ ആദ്യ ദിനം. ഇസ്ലാമിക കലണ്ടര്‍ അനുസരിച്ചുള്ള ചന്ദ്രക്കലയെ അടിസ്ഥാനമാക്കിയാണ് യഥാര്‍ത്ഥ തീയതി നിര്‍ണ്ണയിക്കുന്നത്. ചന്ദ്രക്കല കാണുന്നതിനെ ആശ്രയിച്ച് ഇസ്ലാമിക മാസങ്ങള്‍ 29 അല്ലെങ്കില്‍ 30 ദിവസം നീണ്ടുനില്‍ക്കും.
ഈ വര്‍ഷം, റമദാന് മെയ് 1 വരെ 30 ദിവസം നീണ്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ മെയ് രണ്ടിനായിരിക്കും ഈദ് അല്‍ ഫിത്തറിന്റെ തുടക്കം.