റിയാദ്: ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ വിശ്വാസ ആദർശങ്ങളിൽ ഉറച്ച് നിന്ന് കേരളീയ മുസ്ലിം സമൂഹത്തിന് നേതൃത്വം നൽകിയ നേതാവിനെയാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ നഷ്ടമായതെന്ന് റിയാദ് കോഴിക്കോട് ജില്ലാ മുസ്ലിം ഫെഡറേഷൻ (കെ ഡി എം എഫ് റിയാദ്) അനുശോചന സന്ദേശത്തിൽ പറഞ്ഞു.
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം മത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ യുടെ ഉപാധ്യക്ഷൻ, അനേകം മഹല്ലുകളുടെ ഖാളി, മജ്ലിസുന്നൂറിന്റെ ശിൽപി, മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്, നിരവധി മത ഭൗതിക സ്ഥാപനങ്ങളുടെ സാരഥി, തുടങ്ങി ഒട്ടനവധി സ്ഥാനങ്ങൾ വഹിച്ചപ്പോയും , ലളിതമായ ജീവിത രീതിയും സൗമ്യമായ പെരുമാറ്റവും, തന്നെ സമീപിക്കുന്ന ഏതൊരാൾക്കും മത രാഷ്ട്രീയ ഭേദമന്യേ ആശ്വാസവും പ്രതീക്ഷയും നൽകിയും തങ്ങൾ മാതൃക തീർത്തു.
കേരളത്തിലെ മതേതരത്വവും, സമൂഹത്തിലെ സൗഹൃദവും സംരക്ഷിക്കുന്നതിൽ സച്ചരിതരായ മുൻഗാമികളുടെ പാത പിന്തുടർന്ന് തങ്ങൾ ചെയ്ത സേവനം വിലമതിക്കാനാവാത്തതാണ്.
അദ്ദേഹത്തിന്റെ മാതൃകകളും ചൊരിഞ്ഞ പ്രഭയും നമ്മുടെ ഭാവി ജീവിതത്തിൽ മാർഗ ദർശനം നൽകും, കെ ഡി എം എഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.